Asianet News MalayalamAsianet News Malayalam

'ധീരജിന്‍റെ കൊലപാതകം ദൗര്‍ഭാ​ഗ്യകരം', സുധാകരന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് സതീശന്‍

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ തലയിൽ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു. 

VD Satheesan says that the murder of Dheeraj was unfortunate
Author
Trivandrum, First Published Jan 11, 2022, 1:17 PM IST

തിരുവനന്തപുരം: ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ ( SFI Worker ) ധീരജിന്‍റെ കൊലപാതകം (Dheeraj Murder) ദൗര്‍ഭാ​ഗ്യകരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഇത്തരം കൊലപാതകങ്ങളെ പിന്തുണയ്ക്കില്ല. പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായി. പൊലീസിന്‍റെ സാന്നിധ്യത്തിലാണ് അക്രമം നടന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ തലയിൽ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് ഒരു ക്രിമിനൽ ശൈലിയും സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവുമധികം പ്രതികൾ സിപിഎം പ്രവര്‍ത്തകരാണ്. കൊലക്കേസ് പ്രതികളെ ജയിലിൽ കാണാൻ പോകുന്നയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. കൊലക്കത്തി താഴെ വയ്ക്കാൻ സിപിഎം അണികളോട് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. 

ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ്  മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ്  കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ്എഫ്ഐക്കാർ മർദിച്ചപ്പോഴാണ് കുത്തിയത്. പേനാ കത്തി  കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ക്യാമ്പസിന് പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടിരക്ഷപ്പെടുകയായിരുന്ന എന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പുറത്തുനിന്ന് ആരും ക്യാംപസില്‍ കയറിയിട്ടില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണുണ്ടായതെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios