'യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചതിനെയും 'രക്ഷാ പ്രവർത്തനം' എന്ന് പറഞ്ഞാണ് നേരത്തെ മുഖ്യമന്ത്രി സംരക്ഷിച്ചത്'.
തിരുവനന്തപുരം : കേരളത്തിൽ ലഹരി വ്യാപകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി തടയുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായതായും സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും എന്ന വിഷയത്തിൽ നിയമ സഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിച്ച് വിഡി സതീശൻ ആരോപിച്ചു.
നിലവിൽ കേരളത്തിൽ എക്സൈസിന് ആവശ്യത്തിന് വാഹനം പോലും ഇല്ലാത്ത സ്ഥിതിയാണുള്ളത്. അതിക്രമങ്ങളിലെ പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകരുതെന്ന് സതീശൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചതിനെയും 'രക്ഷാ പ്രവർത്തനം' എന്ന് പറഞ്ഞാണ് നേരത്തെ മുഖ്യമന്ത്രി സംരക്ഷിച്ചത്.
മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് പിന്നാലെ ക്ഷുഭിതനായ മുഖ്യമന്ത്രിയെ സതീശൻ പരിഹസിച്ചു. മിസ്റ്റർ സിഎം എന്നാണ് ചെന്നിത്തല വിളിച്ചത്. അതിലെന്താണ് തെറ്റെന്ന് സതീശൻ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ ഇത് വരെ പ്രതിപക്ഷം അപമാനിച്ച് ഒരു വാക്ക് പോലും പറഞ്ഞില്ല. പിണറായി ചെയ്ത പോലെ എടോ ഗോപാലകൃഷ്ണൻ എന്ന് വിളിച്ചില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്
വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും എന്ന വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. എസ് എഫ് ഐക്കെതിരെ അടക്കം ചെന്നിത്തല രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായത്. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇതോടെ എഴുതിത്തരുന്നത് പോലെ പ്രസംഗിക്കാനാകില്ലെന്നും സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തര വകുപ്പിന് പ്രശ്നങ്ങളുണ്ടെങ്കിൽ അത് തുറന്ന് പറയുമെന്നും ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു. ഇതോടൊപ്പം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.

