തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വൻ ജനത്തിരക്ക്. പതിനായിരക്കണക്കിന് പ്രവർത്തകർ എത്തിയതോടെ വേദിയിലെ സാഹചര്യം നിയന്ത്രണാതീതമായി, നേതാക്കൾക്ക് പോലും ഇരിപ്പിടം ലഭിച്ചില്ല.
തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ വൻ തിരക്ക്. പതിറ്റാണ്ടിന് ശേഷം യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയതിന്റെ ആവേശത്തിൽ പതിനായിരക്കണക്കിന് പ്രവർത്തകർ ഒഴുകിയെത്തിയതോടെയാണ് തലസ്ഥാനത്തെ സത്യപ്രതിജ്ഞാ അനിയന്ത്രിതമായത്. നിയുക്ത എംഎൽഎമാർക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും പോലും വേദിയിൽ ഇരിപ്പിടം കിട്ടാത്ത വൻ പ്രതിസന്ധിയാണ് നിലവിലുള്ളത്. വിവിഐപികൾക്കായി പ്രത്യേകം തരംതിരിച്ച മുൻനിരകളിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ഇരച്ചുകയറി ഇരിപ്പിടങ്ങൾ കൈക്കലാക്കി.

മുൻനിരയിലെ തിരക്ക് ഒഴിവാക്കാനും നേതാക്കൾക്ക് വഴിയൊരുക്കാനും പോലീസ് കനത്ത ശ്രമം നടത്തുന്നുണ്ടെങ്കിലും അനിയന്ത്രിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാടുപെടുകയാണ്. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി തടിച്ചുകൂടിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് പോലീസ് നടപടികൾ കർശനമാക്കി വരികയാണ്.


