വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുകയാണ്. രണ്ട് പേർക്കും ഒരേ അജണ്ടയാണ് ഉള്ളത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട് സന്ദർശനം നടത്തിയത് അവർ വിവാദമാക്കുന്നു.
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കില്ലെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യമായ വിജയം കോൺഗ്രസിന് ഉണ്ടായില്ല. എൽഡിഎഫ് ന്യൂനപക്ഷ വിരുദ്ധ ക്യാമ്പയിൻ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ബിജെപിയും സിപിഎമ്മും ശ്രമിക്കുകയാണ്. രണ്ട് പേർക്കും ഒരേ അജണ്ടയാണ് ഉള്ളത്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പാണക്കാട് സന്ദർശനം നടത്തിയത് അവർ വിവാദമാക്കുന്നു. സി പി എം വർഗീയ ചുവയോടെ സംസാരിക്കുന്നു. വികസനത്തിന്റെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.
അതിനിടെ, കസേരക്ക് വേണ്ടി കലാപം ഉണ്ടാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നിയിക്കില്ലെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉമ്മൻ ചാണ്ടി അടക്കം ആര് മുഖ്യമന്ത്രി ആയാലും പ്രശ്നം ഇല്ല . സ്ഥാനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്ന പതിവോ ജാഥ നടത്തുന്ന പതിവോ ഇല്ലെന്നും ചെന്നിത്തല വിശദീകരിച്ചു,
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെ അധികാരത്തിൽ എത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുസ്ലീം ലീഗിന് പ്രതിപക്ഷ നേതാവിനോട് അവിശ്വാസം ഉള്ളതായി കരുതുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം എന്ത് വേണമെന്നുള്ളത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി രണ്ടര വര്‍ഷത്തോളം ഒരു പദവിയും ഇല്ലാതെ നിന്നിട്ടുണ്ട്. അന്നും പാര്‍ട്ടിയായിരുന്നു വലുത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അന്ന് എന്താകുമായിരുന്നു എന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. അന്ന് ഹൈക്കമാന്‍റ് ഇടപെട്ടതിന് ശേഷമാണ് ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി പറയുന്നതെന്തും കേൾക്കുന്നതാണ് ശീലം. അതിൽ മാറ്റമില്ല . എന്തിലും വലുത് കോൺഗ്രസ് പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
