നിർണ്ണായക തീരുമാനം വന്നതിന് ശേഷം തലസ്ഥാനത്തെത്തി നേതാക്കളെ ചെന്ന് കണ്ട് പിന്തുണ തേടി മുന്നോട്ട്
തിരുവനന്തപുരം: പാർട്ടിയിലെ മുതിർന്ന നേതാക്കളെയും പുതുനിരയെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. തലസ്ഥാനത്തെത്തിയ സതീശൻ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ സുധീരൻ തുറന്നടിച്ചു.
പുതുനായകനായുള്ള രാഷ്ട്രീയ ഇന്നിങ്സ് തുടങ്ങി വിഡി സതീശൻ. നിർണ്ണായക തീരുമാനം വന്നതിന് ശേഷം തലസ്ഥാനത്തെത്തി നേതാക്കളെ ചെന്ന് കണ്ട് പിന്തുണ തേടി മുന്നോട്ട്. ഉമ്മൻചാണ്ടി-ചെന്നിത്തല ദ്വയത്തെ മറികടന്നുള്ള വരവിനെ തുണച്ചത് യുവനിരയാണെങ്കിലും ലക്ഷ്യം എല്ലാവരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോവുകയാണെന്ന് വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. സംഘടനയെയും യുഡിഎഫിനെയും പ്രതിപക്ഷ പ്രവർത്തനത്തെയും ഏകോപിപ്പിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സതീശൻ ആദ്യം സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ. ഗ്രൂപ്പ് സമ്മർദ്ദം മറികടന്നുള്ള സതീശൻറെ വരവിൽ നിർണ്ണായക റോളിലായിരുന്നു കെസി വേണുഗോപാൽ. എന്നാൽ ഒറ്റയിടക്കും ഗ്രൂപ്പ് ഇല്ലാതാക്കലല്ല ലക്ഷ്യമെന്ന് വണുഗോപാൽ പ്രതികരിച്ചു. 'ഗ്രൂപ്പുകളെല്ലാം മഹാപാപമെന്ന നിലപാടിൽ മുന്നോട്ട് പോവുകയല്ല ലക്ഷ്യം. പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. ഗ്രൂപ്പുകളെയെല്ലാം ഫിനിഷ് ചെയ്ത് പോകാമെന്നല്ല ഞാനുദ്ദേശിച്ചത്. അങ്ങിനെയൊക്കെ താത്പര്യമുള്ളവരുണ്ടാകാം,' എന്നും കെസി വേണുഗോപാൽ പറഞ്ഞു.
നേരത്തെ എഐസിസി നോമിനിയായി അധ്യക്ഷസ്ഥാനതെത്തി ഗ്രൂപ്പ് പോരിൽ ഞെരിഞ്ഞമർന്ന വിഎം സുധീരൻ സതീശന് പൂർണ്ണ പിന്തുണയാണ് നൽകിയത്. ഒപ്പം ഗ്രൂപ്പ് നേതാക്കൾക്കെതിരെ അദ്ദേഹം തുറന്നടിച്ചു. അനാരോഗ്യകരമായ ഗ്രൂപ്പ് തീവ്രവാദം കോൺഗ്രസിന് വളരെയധികം ദോഷം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
