കുഞ്ഞിനെ ദത്തെടുത്ത് നൽകിയതിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയോയെന്ന് സമഗ്രമായി അന്വേഷിക്കുമെന്നും അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു. 

തിരുവനന്തപുരം: അമ്മ (anupama) എതിർത്തിട്ടും കുഞ്ഞിനെ ദത്തെടുത്ത കൊടുത്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണം തുടങ്ങിയതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്ജ് (veena george) അറിയിച്ചു. അനുപമ വിഷയത്തിൽ സ്റ്റേറ്റ് അഡോപ്ഷൻ ഏജൻസി മുഖാന്തിരം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ നിയമപരമായ സങ്കീർണ്ണത ഇല്ലാതാക്കാനാണ് കോടതിയെ സമീപിച്ചത്. 

കുഞ്ഞിനെ ദത്തെടുത്ത് നൽകിയതിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച പറ്റിയോയെന്ന് സമഗ്രമായി അന്വേഷിക്കുമെന്നും അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണ ജോർജ് പറഞ്ഞു. ധാരാളം സങ്കീർണതകളുള്ള അസാധാരണമായ ഒരു കേസാണിത്. പക്ഷേ പ്രതിബന്ധങ്ങളെന്തൊക്കെയുണ്ടെങ്കിലും അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കണമെന്നാണ് സർക്കാരിൻ്റെ നിലപാടെന്നും വീണ ജോർജ്ജ് പറഞ്ഞു. 

അതേസമയം സർക്കാർ കോടതിയിൽ നിലപാട് മാറ്റുമെന്ന് വ്യക്തമായതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം അനുപമ അവസാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷ ഇപ്പോൾ ഉണ്ടെന്നും കൂടെ നിന്നവർക്കെല്ലാം ഈ ഘട്ടത്തിൽ നന്ദി പറയുന്നതായും അനുപമ പറഞ്ഞു. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്ന കാര്യം അഭിഭാഷകനുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അനുപമ വ്യക്തമാക്കി. 

അതിനിടെ അനുപമ വിഷയത്തിൽ സാമൂഹികനീതി, ശിശുക്ഷേമ വകുപ്പ് മന്ത്രിമാർക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തു വന്നു. ആറ് മാസമായി ഈ പെൺകുട്ടി (അനുപമ) സ്വന്തം കുഞ്ഞിനായി സ‍ർക്കാർ ഓഫീസുകൾ കേറിയിറങ്ങുകയാണ്. ഈ സമയത്തൊക്കെ എവിടെയായിരുന്നു വനിതാ ശിശുക്ഷേമമന്ത്രി വീണ ജോർജ്, എവിടെയായിരുന്നു സാമൂഹിക നീതി മന്ത്രി ആർ.ബിന്ദു, എവിടെയായിരുന്നു ശിശുക്ഷേമസമിതി. സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ചു കൊണ്ട് പാ‍ർട്ടി പ്രവ‍ർത്തിച്ചതോടെയാണ് കുഞ്ഞിനെ അമ്മയുടെ താത്പര്യത്തിന് വിരുദ്ധമായി ദത്തു പോകുന്ന അവസ്ഥയുണ്ടായത് - വിഡി സതീശൻ പറഞ്ഞു.