പ്രതിഷേധക്കാരായ കെഎസ്‍യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് വീണയെ ആക്രമിച്ചുവെന്നായിരുന്നു കെഎസ്‍യു പ്രവർത്തകർക്കെതിരായ കേസ്. കള്ളക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ടി ഒ മോഹനൻ എംഎൽഎയുടെയും കെഎസ്യു പ്രവര്‍ത്തകരുടെയും പരാതിയിലാണ് തുടരന്വേഷണം.

തിരുവനന്തപുരം: മുൻ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ ആയുധം ഉപയോഗിച്ച് കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചുവെന്ന കേസില്‍ തുടരന്വേഷണത്തിന് എസ്ഐടി. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാണ്ടൻ്റ് യു പ്രേമൻ എസ് ഐ ടി തലവൻ. കണ്ണൂർ സിറ്റി എസിപി ആസാദാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിഷേധക്കാരായ കെഎസ്‍യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് വീണയെ ആക്രമിച്ചുവെന്നായിരുന്നു കെഎസ്‍യു പ്രവർത്തകർക്കെതിരായ കേസ്. കള്ളക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ടി ഒ മോഹനൻ എംഎൽഎയുടെയും കെഎസ്‍യു പ്രവര്‍ത്തകരുടെയും പരാതിയിലാണ് തുടരന്വേഷണം.

ഈ വ‍ർഷം ഫെബ്രുവരി 25നായിരുന്നു കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോ‍ർജിനെതിരെ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. സംഭവത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തക‍ർ അറസ്റ്റിലായിരുന്നു. മന്ത്രിക്ക് പരിക്കേറ്റതിനെ തുട‍ർന്ന് കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല. മൊഴിയെടുക്കാന്‍ അന്വേഷണ സംഘം പലകുറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കേസ് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്‍കിയത്. ഭരണം മാറിയതോടെ കള്ളക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതി അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുമ്പാകെ എത്തി. നിയമപദേശം തേടിയ ശേഷമായിരുന്നു തുടരന്വേഷണത്തിനുള്ള തീരുമാനം.