മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിന് എതിരായ ആരോപണം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ഐസിയുവില്‍ രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നാണ് പരാതി. ഈ മാസം ഏഴിനാണ് ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പനെ (55) ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും മകനും ഇതേ ആശുപത്രിയിൽ വാർഡിൽ ചികിത്സയില്‍ ഉണ്ടായിരുന്നു.

രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നാല് ദിവസം കഴിഞ്ഞെന്ന് പറയുന്നത്. ഇന്നലെയും സമാന പരാതി ഉയർന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്‍റെ മരണം വിവരം രണ്ട് ദിവസം കഴിഞ്ഞിട്ടും അറിയിച്ചില്ലെന്നായിരുന്നു കുടുംബം ആരോപണം ഉന്നയിക്കുന്നത്.