സമൂഹമാധ്യമങ്ങളിലെ ചിലരുടെ പരാമർശത്തെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചിൽ വേദനിപ്പിച്ചെന്നും ഇനിയും മാറാത്ത മനോഭാവമുള്ളവർ നമുക്കിടയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ (Actress Attack Case) സമൂഹമാധ്യമങ്ങളിൽ ഉയർന്ന മോശം പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മന്ത്രി വീണ ജോർജ് രംഗത്ത്. അതിജീവിതയ്‌ക്കെതിരായ നിലപാടുകൾ പ്രതിഷേധാർഹമാണെന്ന് മന്ത്രി ചൂണ്ടികാട്ടി. 'പോയി ചത്തുകൂടെ' എന്നായിരുന്നു നടിയുടെ പോസ്റ്റിലെ ഒരു കമന്‍റെന്ന് ചൂണ്ടികാട്ടിയ വീണ ജോർജ് ഇത്തരം മാനസികാവസ്ഥ എന്താണ് കാണിക്കുന്നതെന്നും ചോദിച്ചു. ചിലരുടെ കമന്‍റുകളും നിലപാടും പ്രതിഷേധാർഹമാണ്. സമൂഹമാധ്യമങ്ങളിലെ ചിലരുടെ പരാമർശത്തെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചിൽ വേദനിപ്പിച്ചെന്നും ഇനിയും മാറാത്ത മനോഭാവമുള്ളവർ നമുക്കിടയിൽ ഉണ്ടെന്നും അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിപാടിയിൽ മന്ത്രി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തെ നടിയെ പിന്തുണച്ച് തമിഴ് നടൻ സൂര്യയും രംഗത്തെത്തിയിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷേ ഇത്തരം സംഭവങ്ങൾ സമൂ​ഹത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ഇങ്ങനെയെക്കെ സംഭവിക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്നും സൂര്യ വ്യക്തമാക്കി.

YouTube video player

അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് (Dileep) ഹൈക്കോടതിയിൽ തിരിച്ചടി നേരിട്ടു. കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്നും ഏപ്രിൽ 15ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു. പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാൻ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതാണ് പൊലീസ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്. വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജത്തെളിവുകൾ സൃഷ്ടിക്കാനെന്നാണ് ദിലീപിന്‍റെ ആക്ഷേപം. എന്നാൽ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണമെന്നും അതിനുളള അവകാശം പ്രോസിക്യുഷനുണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഹ‍‍ർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ഹർജിയെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂ‍ർവം ശ്രമിച്ചു എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സുരാജിന്‍റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. വധ ഗൂഡാലോചനാക്കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ജനുവരി 29നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ ദിവസവും തൊട്ടടുത്തദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ 4 ഫോണുകളിലെ ‍ഡേറ്റകൾ നീക്കം ചെയ്തെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.