Vegetable Price : തിരുവനന്തപുരത്ത് തക്കാളി വില സെഞ്ചുറിയിൽ, പച്ചക്കറി വില വീണ്ടും ഉയരുന്നു
അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില (vegetable price ) വീണ്ടും കുതിച്ചുയർന്നു. അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്ന് തിരുവനന്തപുരത്ത് നൂറ് രൂപയിലധികമാണ് വില. അയൽ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
നേരത്തെ സർക്കാർ ഇടപെട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ടെത്തിച്ചതോടെ വില കുറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്. എന്നാൽ ഇന്ന് വീണ്ടും തക്കാളിക്ക് വില നൂറ് കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയായി കുറഞ്ഞ തക്കാളിക്ക് തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാർ ഇന്ന് 100 മുതൽ 120 രൂപയ്ക്ക് വരെയാണ് വാങ്ങുന്നത്. മുരിങ്ങക്കയ്ക്ക് 200, വെണ്ടയ്ക്കക്ക് 60, പാവയ്ക്ക 80 എന്നിങ്ങനെയാണ് തിരുവനന്തപുരം പാളയം മാർക്കറ്റിലെ ഇന്നത്തെ പച്ചക്കറി വില.
കോഴിക്കോടും പച്ചക്കറി വില ഉയരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ്, തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്. തക്കാളിക്ക് 56, മുരിങ്ങയ്ക്കിക്ക് 89, വെണ്ട 31 എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഹോർട്ടികോർപ്പ് വില. ഇതേ നിരക്കിൽ വിൽപ്പന തുടരാനും കൂടുതൽ ലോഡ് എത്തിക്കാനുമാണ് നീക്കം. എങ്കിലും മോശം കാലാവസ്ഥ തുടരുന്നതിനാൽ ഇനിയും പൊതുവിപണിയിൽ വില കുതിച്ചുയർന്നേക്കും.