കൊല്ലം: കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ നാളെ മുതൽ സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഒറ്റ, ഇരട്ട അക്ക സംവിധാനത്തിലാകും നിയന്ത്രണം നിലവിൽ വരിക. ജില്ലാ കളക്ടറുടേതാണ് ഇതു സംബന്ധിച്ച ഉത്തരവ്.

രജിസ്ട്രേഷൻ നമ്പരുകൾ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ പുറത്തിറക്കാം. ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നമ്പരുള്ള വാഹനങ്ങൾ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലേ നിരത്തിലിറക്കാവൂ എന്നാണ് ഉത്തരവ്. 

ജില്ലയിലെ രണ്ട് പഞ്ചായത്തുകൾ കൂടി ഇന്ന് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ൻ്റ്മെൻ്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 

മൈലം പഞ്ചായത്ത് ക്രിട്ടിക്കൽ കണ്ടെയ്ൻ്റ്മെൻ്റ് സോണാണ്. പുനലൂർ നഗരസഭയിലെ അഞ്ച് വാർഡുകളും കണ്ടൈൻറ്മെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കലയനാട്, ഗ്രേസിങ്ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട്  എന്നീ വാർഡുകളാണ് പുതിയ കണ്ടൈൻറ്മെൻറ് സോണുകൾ.

പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളും പിൻവലിച്ചു. ജില്ലയിൽ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്രിട്ടിക്കൽ കണ്ടൈൻറ്മെൻറ് സോണാക്കിയിട്ടുണ്ട്. 51 ഇടങ്ങളിലാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.