വണ്ടി നിർത്തിയിട്ട് വീട്ടിൽ പോകുന്നവർ രാവിലെ വരുമ്പോൾ നന്നായിട്ടൊന്ന് നോക്കണം; പൊറുതിമുട്ടി നാട്ടുകാർ
നടന്നു വീട്ടിൽ പോയവർ രാവിലെ വാഹനം എടുക്കാൻ വരുമ്പോഴായിരിക്കും ബാറ്ററിയോ മറ്റ് ഏതെങ്കിലും ഭാഗങ്ങളോ നഷ്ടപ്പെട്ട കാര്യം മനസിലാക്കുക.
തൊടുപുഴ: ഇടുക്കി ഏലപ്പാറക്ക് സമീപം കൊച്ചു കരിന്തരുവി ഭാഗത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാരുടെ പരാതി. റോഡരികിൽ രാത്രിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ ബാറ്ററിയും മറ്റ് പാർട്സുകളും മോഷണം പോകുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
ഇടുക്കിയിലെ കൊച്ചുകരിന്തരുവി - പുല്ലാട്ടുപടി പാലം തകർന്നതോടെ വർഷങ്ങളായി അതുവഴി വാഹനങ്ങൾ കടത്തി വിടുന്നില്ല. അതിനാൽ പ്രദേശവാസികൾ റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ട ശേഷം കാൽനടയായാണ് രാത്രികാലങ്ങളിൽ വീട്ടിലേക്ക് പോകുന്നത്. രാവിലെ വാഹനം എടുക്കാൻ എത്തുമ്പോഴായിരിക്കും ബാറ്ററിയും പാർട്സുമൊക്കെ നഷ്ടപ്പെട്ട വിവരം അറിയുക. കഴിഞ്ഞ ദിവസം രാത്രി പ്രദേശവാസിയായ നല്ലാഞ്ചി വിള വീട്ടിൽ ജയ്മോൻറെ ഇരുചക്ര വാഹനത്തിൻറെ ബാറ്ററിയും മറ്റും മോഷ്ടാക്കൾ അപഹരിച്ചു
നേരത്തെയും പലർക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായ മോഷണം സമബന്ധിച്ച് നിരവധി പരാതികൾ പോലീസിന് നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നും ഉടമകൾ പരാതിപ്പെടുന്നുണ്ട്. പീരുമേട് - വാഗമൺ- ഉപ്പുതറ എന്നീ പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയിലാണ് ഈ സ്ഥലം. രാത്രികാലങ്ങളിൽ പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം