Asianet News MalayalamAsianet News Malayalam

മാനന്തവാടി പൊലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി, താത്കാലിക ചുമതല വെള്ളമുണ്ട എസ്ഐക്ക്

കേരളത്തില്‍ ആദിവാസി വിഭാഗക്കാർ ഏറ്റവും കൂടുതലുള്ള മാനന്തവാടി താലൂക്കിലാണ് രോഗം പടരുന്നത്. ഇവിടെ മൂന്ന് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പൂർണമായും കണ്ടെയിൻമെന്‍റ് സോണാണ്

vellamunda si to take care of mananthvady police station
Author
Mananthavady, First Published May 14, 2020, 1:04 PM IST

മാനന്തവാടി: രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി പൊലീസ് സ്റ്റേഷൻ കൊവിഡ് മുക്തമാക്കി. അണുവിമുക്തമാക്കുന്ന പ്രക്രിയ ആരോഗ്യ പ്രവര്‍ത്തകരുടെയും ഫയര്‍ ഫോഴ്സിന്‍റെയും നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും ക്വാറൻ്റൈൻ ചെയ്തിരിക്കുകയാണ്. ഇവിടെയുള്ള 22 പൊലീസുകാരുടേയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

കേരളത്തില്‍ ആദിവാസി വിഭാഗക്കാർ ഏറ്റവും കൂടുതലുള്ള മാനന്തവാടി താലൂക്കിലാണ് രോഗം പടരുന്നത്. ഇവിടെ മൂന്ന് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പൂർണമായും കണ്ടെയിൻമെന്‍റ് സോണാണ് . റവന്യൂ ഉദ്യോഗസ്ഥർക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്‍കി കർശന നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ നടപ്പാക്കും. 

മാനന്തവാടി ഡിവൈഎസ്പിയും, സിഐയും ഉൾപ്പടെ അന്‍പത് പൊലീസുദ്യോഗസ്ഥരും, ബത്തേരി സ്റ്റേഷനിലെ ഇരുപത് പൊലീസുകാരുമാണ് നിരീക്ഷത്തിലുള്ളത്. ഇതില്‍ മാനന്തവാടി ഡിവൈഎസ്പിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് മുന്‍കരുതല്‍ നടപടിയെന്നോണം ജില്ലാ പൊലീസ് മേധാവിയും വീട്ടില്‍ നിരീക്ഷണത്തിലായത്. കൂടുതല്‍ പൊലീസുകാരുടെ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.

പോലീസുകാര്‍ക്ക് കോവിഡ് 19  സ്ഥിരീകരിച്ച മാനന്തവാടി പോലീസ് സ്റ്റേഷന്‍റെ ചുമതല താല്‍കാലികമായി വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കി. മാനന്തവാടി സബ് ഡിവിഷന്‍ ചുമതല വയനാട് അഡിഷണല്‍ എസ്.പിക്കു നല്‍കിയിട്ടുണ്ട്. മാനന്തവാടി സ്റ്റേഷനിലെ വയര്‍ലെസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സമീപത്തെ ഡിവൈ.എസ്.പി ഓഫീസില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കും. . 

മാനന്തവാടി പോലീസ് സ്റ്റേഷനിലെ ഇരുപത്തിനാല് പോലീസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതില്‍ പതിനെട്ടുപേരുടെ ഫലം അറിവായതില്‍  രണ്ട് പേര്‍ക്ക് കോവിഡ് 19  സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി പോലീസ് സ്റ്റേഷനിലെ സ്രവം നല്‍കിയ എല്ലാ പോലീസുകാരും ഡ്യൂട്ടി റസ്റ്റ് ആയിരുന്നവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും  നിരീക്ഷണത്തില്‍ ആണ്. 

മാനന്തവാടി സബ് ഡിവിഷനിലെ മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരെ ഉപയോഗിച്ച് മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ ഹോട്സ്പോട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. മാനന്തവാടി പോലീസ് സ്റ്റേഷനില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്നത് പരമാവധി ഒഴിവാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. സ്റ്റേഷനിലെ അത്യാവശ്യ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പി.പി.ഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും അവരെ സഹായിക്കാനായി ഒരു ആരോഗ്യ പ്രവര്‍ത്തകനെയും നിയോഗിച്ചിട്ടുണ്ട്. 
 

Follow Us:
Download App:
  • android
  • ios