എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തിൽ വന്നാൽ കലഹം ഉറപ്പാണെന്നും ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
കൊച്ചി: കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും വരണമെന്നാണ് ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശന്‍. അതിന് എന്‍റേതായ ന്യായമുണ്ടെന്നും എല്‍ഡിഎഫ് ഒരുപാട് കാര്യങ്ങൾ ചെയ്തെന്നും വെള്ളാപ്പള്ളി നടേശന് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ബിജെപി തിരുത്തൽ ശക്തിയായി ഉണ്ടാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കലഹം ഉറപ്പാണാണെന്നും അദ്ദേഹം പരിഹസിച്ചു. പദ്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി പറവൂർ യൂണിയന്‍ നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സതീശൻ മുഖ്യമന്ത്രി ആകുമെന്നാണ് ലീഗിന്‍റെ വാദം. കോൺഗ്രസില്‍ ഹൈക്കമാൻഡ് ഇല്ലേ എന്ന് ചോദിച്ച വെള്ളാപ്പള്ളി, ലീഗ് കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആകുന്നുവെന്നും വിമര്‍ശിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും എല്‍ഡിഎഫ് അധികാരത്തിൽ വന്നാൽ പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത് നിന്ന് മനസ്സിലാക്കിയ ആരും പിണറായി വിജയനെ തള്ളി പറയില്ല. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് അത്ര പോരാ എന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. യുഡിഎഫിന് 100 സീറ്റ് കിട്ടാൻ പോകുന്നില്ല. സതീശൻ വനവാസത്തിന് പോകരുത്. അദ്ദേഹം കൊള്ളാവുന്ന പൊതുപ്രവർത്തകനാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
