Asianet News MalayalamAsianet News Malayalam

കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളിയെ വീണ്ടും ചോദ്യം ചെയ്യും

രാവിലെ 11 മണിക്ക് ശേഷമാണ് ചോദ്യം ചെയ്യൽ. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ബുധനാഴ്ച അവസാനിക്കും. 

Vellapally Natesan will be questioned  on kollam sn college jubilee case
Author
Kochi, First Published Jul 18, 2020, 9:33 AM IST

കൊച്ചി: കൊല്ലം എസ് എൻ കോളേജ് സുവർണ്ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ശേഷമാണ് ചോദ്യം ചെയ്യൽ. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ സമയം ബുധനാഴ്ച അവസാനിക്കും. 

1997- 98 കാലഘട്ടത്തിൽ എസ്എന്‍ കോളേജ്  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത ഒരു കോടിയില്‍  അധികം രൂപയിൽനിന്ന്  55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വക മാറ്റിയെന്നതാണ് കേസ്. ആഘോഷ കമ്മിറ്റിയുടെ കൺവീനറായിരുന്നു വെള്ളാപ്പള്ളി നടേശൻ. ഫണ്ട് പിരിവ് പൂർത്തിയായി രണ്ട് വർഷത്തിന് ശേഷമാണ് പൊരുത്തക്കേടുകൾ എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ ആരും പരസ്യമായി ചോദ്യംചെയ്തില്ല. തുടർന്ന് ട്രസ്റ്റ് അംഗമായ പി  സുരേന്ദ്രബാബുവാണ് 2004 ൽ ഹർജിയുമായി കൊല്ലം സിജെഎം കോടതിയെ സമീപിക്കുന്നത്. 

കേസ് ആദ്യം അന്വേഷിച്ച ക്രൈം ഡിറ്റാച്ച്മെന്‍റ് സംഘം പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ട് കോടതിയിൽ നൽകി. എന്നാൽ പൊലീസ് റിപ്പോർട്ട് കോടതി പൂർണ്ണമായി തള്ളി. തുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ  ജൂൺ 22ന് ഹർജി പരിഗണിച്ച കോടതി  രണ്ടാഴ്ചക്കകം കുറ്റപത്രം സമർപ്പിക്കാന്‍ ക്രൈംബ്രാഞ്ചിന്  നിർദ്ദേശം നൽകി. 

Follow Us:
Download App:
  • android
  • ios