തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നൽകും

ആലപ്പുഴ: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളോട് മുഖം തിരിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാഹുല്‍ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും അദ്ദേഹം സന്ദര്‍ശനാനുമതി നല്‍കിയില്ല. മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. 

തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണാന്‍ വരുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 'രമ്യ ഹരിദാസ് തോല്‍ക്കാന്‍ പോകുന്ന സ്ഥനാര്‍ത്ഥിയാണ്. എം പി ആയിരുന്നപ്പോള്‍ അവര്‍ കാണാന്‍ വന്നിട്ടില്ല. ഇപ്പോള്‍ കാണാന്‍ വരുന്നത് തെറ്റായ സന്ദേശം ആകും'-വെള്ളാപ്പള്ളി പറഞ്ഞു.

രമ്യ ഹരിദാസ് കാണാന്‍ വിളിച്ചപ്പോള്‍ അനുമതി നിഷേധിച്ചവെന്ന് വെള്ളാപ്പള്ളി സ്ഥിരീകരിച്ചു. 'രമ്യ ആദ്യമായിട്ട് അല്ലല്ലോ തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത്. ഇപ്പോള്‍ മാത്രം തന്നെ കാണണമെന്ന ആവശ്യം എന്താണ്. അവര്‍ക്ക് തോന്നുമ്പോള്‍ കാണുകയും അല്ലാത്തപ്പോള്‍ കാണാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തി എന്താണ്. മര്യാദ അല്ലല്ലോ, മാന്യത അല്ലല്ലോ. ഇങ്ങോട്ട് മാന്യത കാണിക്കുമ്പോഴാണ് നമ്മളും മാന്യത കാണിക്കേണ്ടത് .വഴിയമ്പലം അല്ലല്ലോ ഞാന്‍'-വെള്ളാപ്പള്ളി പറഞ്ഞു. 

കോണ്‍ഗ്രസിനോട് വിരോധം ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ തനിക്ക് പരിചയമില്ലാത്ത ആളാണ്. താന്‍ നാട്ടില്‍ ഇല്ല. ഇപ്പോള്‍ കൊല്ലത്ത് ആണ്. പിന്നീട് ആലോചിക്കാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.