Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി; തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഉൾപ്പെടെ ചർച്ചയായെന്ന് സൂചന

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ സൽക്കാര ചടങ്ങ് ദില്ലിയിൽ നടത്തിയിരുന്നു. അന്ന് ചടങ്ങിനെത്തിയ പ്രധാനമന്ത്രി, വെള്ളാപ്പള്ളിയെ വീട്ടിലേക്ക് ക്ഷണിച്ചെന്നാണ് സൂചന. 

Vellappally natesan meets prime minister narendra modi discussion on thushars candidature afe
Author
First Published Feb 6, 2024, 2:18 PM IST

ദില്ലി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവേ എസ്എൻഡിപിയുടെ അനകൂല നിലപാട് തേടിയുള്ള നീക്കമാണ് മോദി നടത്തുന്നത്.

വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ സൽക്കാര ചടങ്ങ് ദില്ലിയിൽ നടത്തിയിരുന്നു. സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. ജന സെക്രട്ടറി ബിഎൽ സന്തോഷ് തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നു. അന്ന് വെള്ളാപ്പള്ളിയെ വീട്ടിലേക്ക് നരേന്ദ്രമോദി ക്ഷണിച്ചെന്നാണ് നേതാക്കൾ നല്കുന്ന സൂചന. 

ശനിയാഴ്ച ഉച്ചയോടെ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയ വെള്ളാപ്പള്ളി അര മണിക്കൂറോളം ചർച്ച നടത്തി. തുഷാറിന്റെ സ്ഥാനാർത്ഥിത്വം ഉൾപ്പടെയുള്ള രാഷ്ട്രീയ വിഷയങ്ങൾ ഉയർന്നു എന്നാണ് സൂചന. എസ്എൻഡിപി യോഗം രജിസ്ട്രേഷനിലെ സാങ്കേതിക വിഷയങ്ങളിലും നേതൃത്വം കേന്ദ്ര സർക്കാരിന്റെ സഹായം തേടുന്നുണ്ട്. എന്നാൽ ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് എസ്എൻഡിപി നേതൃത്വം പറയുന്നത്. 

കൂടികാഴ്ചയെക്കുറിച്ച് എസ്എൻഡിപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കവെ എസ്എൻഡിപിയെ കൂടെ നി‌ർത്താൻ ബിജെപി നീക്കം സജീവമാക്കിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. എൻഡിഎ സഖ്യത്തിലുള്ള ബിഡിജെഎസ് അഞ്ച് സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കുമെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios