ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനെതിരെ സർവ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല പ്രശ്നത്തിൽ എതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"അന്ന് ശബരിമല പ്രശ്നത്തിൽ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ  നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണ്."

"കഴിഞ്ഞവർഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു കീറാൻ വന്നവരാണ് ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴിൽ നിൽക്കുന്നത്. കെ.പി.സി.സി പ്രസിഡന്റൊഴികെ ബാക്കിയുള്ളവരെ പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച  സർവകക്ഷി യോഗത്തിൽ പങ്കെടുപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. കോൺഗ്രസ്സിനെ പിളർത്താൻ പിണറായിക്ക് സാധിച്ചു. സർവ്വകക്ഷി യോഗത്തിൽ പിണറായി മികച്ച സംഘാടകനായി," എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.