തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അടൂർ പ്രകാശ് എംപിക്ക് പങ്കുണ്ടെന്ന ആരോപണവുമായി മന്ത്രി ഇ പി ജയരാജൻ. ഇരട്ടക്കൊലക്കേസിലെ പ്രതി ഷജിത്തിന് അടൂർ പ്രകാശുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ഡിവൈഎഫ്ഐ ഷജിത്തിന്‍റെ ശബ്ദരേഖ പുറത്തുവിട്ടു. ആരോപണം തെളിയിക്കാൻ ജയരാജനെ വെല്ലുവിളിച്ച അടൂർപ്രകാശ് ഇരട്ടക്കൊലയിൽ ഒരു സിഐടിയു നേതാവിനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകത്തെ ചൊല്ലിയുള്ള രാഷ്ട്രീയവിവാദം ശക്തമാകുകയാണ്. കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇപി ജയരാജൻ സ്ഥലം എംപിക്കതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ''ഈ സംഭവം നടന്നതിന് ശേഷം കൊലയാളികൾ സംഭവം നടത്തിയെന്ന വിവരം ആദ്യം അറിയിച്ചത് അടൂർ പ്രകാശിനെയാണ്. അടൂർ പ്രകാശിനെയാണ് ആദ്യം വിളിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പലരും പുറത്തുവിട്ടിട്ടുണ്ട്. കൊലയാളി സംഘങ്ങളെയാണ് കോൺഗ്രസ് വളർത്തുന്നത്. ഓരോ ജില്ലകളിലുമായി ഓരോ കൊലയാളി സംഘങ്ങളെ കോൺഗ്രസ് വളർത്തിക്കൊണ്ടുവരികയാണ്. എന്നിട്ട് അത്തരം ആരോപണങ്ങൾ സിപിഎമ്മിനെതിരെ ഉന്നയിക്കുകയാണ് കോൺഗ്രസ്. അടൂർ പ്രകാശ് എംപിക്കെതിരെ ഉന്നയിക്കപ്പെട്ട ഈ ആരോപണത്തിൽ കോൺഗ്രസ് മറുപടി പറയുമോ? എന്താണ് പറയാനുള്ളത്?'', എന്ന് ഇ പി ജയരാജൻ ചോദിക്കുന്നു. 

എന്നാൽ അടൂർ പ്രകാശ് ഇത് നിഷേധിക്കുന്നു. ഇത്തരത്തിൽ ആരും തന്നെ വിളിച്ചിട്ടില്ല എന്നാണ് അടൂർ പ്രകാശ് പറയുന്നത്. ''വെല്ലുവിളിയോടെ ഞാൻ പറയുന്നു. അങ്ങനെ ഒരു സംഭവമുണ്ടെങ്കിൽ അത് പുറത്തുവരട്ടെ. ഞാൻ വെല്ലുവിളിക്കുന്നു. അത്തരത്തിൽ ആരും എന്നെ വിളിച്ചിട്ടില്ല'', എന്ന് അടൂർ പ്രകാശ്.

ഇതിനിടെ ഇരട്ടക്കൊലക്കേസ് പ്രതി ഷജിത്തിന് അടൂർപ്രകാശുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ശബ്ദരേഖ പുറത്തുവിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഫൈസൽ എന്ന ഡിവൈഎഫ്ഐഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ ഉൾപ്പെട്ടപ്പോൾ ഷജിത്ത് അടൂർപ്രകാശിനെ വിളിച്ചെന്നാണ് ഓഡിയോയിലുള്ളത്. ഷിജിത്ത് അയച്ച ശബ്ദരേഖയാണിത്.

കേസിൽ എംപിയെ വിളിച്ചുവെന്നും, എംപി ഇടപെട്ടുവെന്നും ഷജിത്ത് പറയുന്നുണ്ട്. ''ഇതുവഴി പോയിരുന്നു. എംപി നേരിട്ട് കണ്ടു. കാര്യങ്ങൾ തിരക്കി. ഒരു അലക്ക് അലക്കാനുള്ള വകുപ്പ് ഉണ്ടെന്ന് പറഞ്ഞു'', എന്ന് ഷജിത്ത് ശബ്ദരേഖയിൽ പറയുന്നത് കേൾക്കാം. 

ജനപ്രതിനിധി എന്ന നിലക്ക് പലരും തന്നെ വിളിക്കുമെന്ന് പറഞ്ഞ അടൂർപ്രകാശ് ഇരട്ടക്കൊലയിൽ സിഐടിയു നേതാവിന് പങ്കുണ്ടെന്ന് തിരിച്ചാരോപിച്ചു. ഇതിനിടെ വെഞ്ഞാറമൂട് നടന്നത് രണ്ട് ഗ്യാംഗുകൾ തമ്മിലെ സംഘർഷമാണെന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നത്. ഇതൊരു രാഷ്ട്രീയകൊലപാതകമാണെന്ന് റൂറൽ എസ്‍പി പറയുമ്പോഴും, അല്ലെന്ന് ആവർത്തിച്ച് പറയുകയാണ് മുല്ലപ്പള്ളി. കൊലയിൽ പങ്കില്ലെന്ന ഡിസിസിയുടെ റിപ്പോർട്ട് കിട്ടിയെന്ന് പറഞ്ഞ മുല്ലപ്പള്ളി കൊലപാതകം മറയാക്കി സിപിഎം സംസ്ഥാന വ്യാപകമായി അക്രമം നടത്തുന്നുവെന്നും കുറ്റപ്പെടുത്തുകയാണ്. കൊലപാതകത്തിന്‍റെ പങ്കിൽ നിന്നും കോൺഗ്രസ്സിന് ഒഴിയാനാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയും പ്രസ്താവനയിൽ മറുപടി നൽകുന്നു.