തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അർദ്ധരാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ മൃതദേഹവും വഹിച്ച് വിലാപയാത്ര. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്കാണ് വിലാപയാത്ര നടക്കുന്നത്. നൂറുകണക്കിന് ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ വിലാപയാത്രയിൽ പങ്കെടുക്കുന്നുണ്ട്. വികാരനിർഭരമായ മുദ്രാവാക്യങ്ങളാണ് വിലാപയാത്രയിലാകെ മുഴങ്ങിക്കേൾക്കുന്നത്. 

കൊല്ലപ്പെട്ട മിഥിലാജിന്‍റെയും ഹഖ് മുഹമ്മദിന്‍റെയും മൃതദേഹം ഇന്ന് വൈകിട്ടോടെ സംസ്കരിക്കും. ഇരുവരുടെയും വീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ച ശേഷമാകും സംസ്കാരം. വെമ്പായം പള്ളിയിലാണ് മിഥിലാജിന്‍റെ ഖബറടക്കം. മുഹമ്മദ് ഹഖിന്‍റെ മൃതദേഹം വെഞ്ഞാറമൂട് പള്ളിയിലും സംസ്കരിക്കും. മന്ത്രി എ കെ ബാലൻ, ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം അടക്കമുള്ളവർ മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്. 

തിരുവോണദിനം അർദ്ധരാത്രിയുണ്ടായ ഇരട്ടക്കൊലപാതകത്തിന്‍റെ വാർത്ത കേട്ട് നടുങ്ങിയാണ് കേരളം ഉണർന്നത്. അർദ്ധരാത്രി വെഞ്ഞാറമൂട് തേമ്പാമൂട് ജംഗക്ഷനിൽ വെച്ചായിരുന്നു അക്രമം. വെമ്പായത്തുനിന്നും തേമ്പാമൂട് വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു ഹഖ് മുഹമ്മദും മിഥിലാരാജും ഷെഹിനും. മൂന്ന് ബൈക്കുകളിലായെത്തിയ അക്രമി സംഘം ഹഖിനെയും മിഥിലാരാജിനെയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ മിഥിലാരാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മാരകമായി വെട്ടേറ്റ ഹഖ് മുഹമ്മദിനെ ഗോകുലം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൊട്ടിക്കലാശത്തിൽ തുടങ്ങിയ സംഘർഷമാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതിന് ശേഷം ഏറെനാളായി സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പ് ഫൈസൽ എന്ന ഡിഐഎഫ്ഐ പ്രവർത്തകന് ഗുരുതരമായി വെട്ടേറ്റിരുന്നു. ഫൈസലിന് ആക്രമിച്ച സംഘത്തിൽ പെട്ട സജീവ്, അൻസാർ, ഷജിത്ത് ഉൾപ്പെടെയുള്ളവരാണ് ഇരട്ടക്കൊലക്കും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ എല്ലാവർക്കും കോൺഗ്രസുമായും ഐഎൻടിയുസിയുമായും നല്ല ബന്ധമുണ്ട്. 

Read more at: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളെ രക്ഷപ്പെടുത്തിയത് ഐഎൻടിയുസി നേതാവ്

ഇരട്ടക്കൊലപാതകത്തിൽ പങ്കുള്ള ഷജിത്ത് ഒളിച്ചിരുന്ന തടിമില്ലിൽ നിന്നും രാവിലെ പൊലീസ് ഇയാളെ പിടികൂടി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് പൊലീസ് ഷജിത്തിനെ വാഹനത്തിലേക്ക് മാറ്റിയത്. രാഷ്ട്രീയതർക്കമാണ് ഇരട്ടക്കൊലക്ക് കാരണമെന്നാണ് തിരുവനന്തപുരം റൂറൽ എസ്പി പറഞ്ഞത്. എന്നാൽ കൊല്ലപ്പെട്ടവരും പ്രതികളും തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നുവെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും തിരുവനന്തപുരം റേഞ്ച് ഐജി സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്‍റെ ഏകോപനച്ചുമതല.