തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ ഓഫീസ് കെട്ടിടത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു. പൊതുപ്രവര്‍ത്തകനായ കെഎം ഷാജഹാനാണ് റീബിൽഡ് കേരളയുടെ ഓഫീസ് കെട്ടിടത്തിനെതിരായ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ഇദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ റീബിൽഡ് കേരളയുടെ സിഇഒ ആയ ഡോ വേണു വാസുദേവൻ.

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരനും ലോ അക്കാദമി ചെയര്‍മാനുമായ നാരായണൻ നായര്‍, മകൾ ലക്ഷ്മി നായര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഇവരുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള, തിരുവനന്തപുരം സെക്രട്ടറിയേറ്റിനടുത്തുള്ള ഫ്ലാറ്റിലേക്ക്, വാടകയും മോടിപിടിപ്പിക്കുന്നതിനുമായി ലക്ഷങ്ങൾ നൽകി, പ്രളയ പുനരധിവാസത്തിനുള്ള ഓഫീസ് ആരംഭിക്കുന്നതിനെതിരെയായിരുന്നു ഷാജഹാൻ രംഗത്തെത്തിയത്.

എന്നാൽ ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് ഡോ വേണു വാസുദേവന്റെ കുറിപ്പ്. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് ഓഫീസ് പ്രവർത്തിക്കാനായി വാടകക്ക് എടുത്ത കെട്ടിടത്തെക്കുറിച്ചും ഓഫീസ് നിർമിക്കാനായി ചിലവഴിക്കുന്ന തുകയെക്കുറിച്ചും വന്ന വാർത്തകളും അഭിപ്രായങ്ങളും അവാസ്തവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഇദ്ദേഹം പറഞ്ഞു. ഓഫീസ് സജ്ജീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ചിലവഴിച്ചിട്ടില്ലെന്നും ഓഫീസ് കെട്ടിടം വാടകയ്ക്ക് എടുത്തത് തിരുവനന്തപുരം മുട്ടട സ്വദേശിയായ കെ.വി.മാത്യുവിന്റെ പക്കൽ നിന്നാണെന്നും ഇദ്ദേഹം പറഞ്ഞു. 

ഡോ വേണു വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങിനെ

Rebuild Kerala Initiative RKI ഓഫീസ് പ്രവർത്തിക്കാനായി വാടകക്ക് എടുത്ത കെട്ടിടത്തെക്കുറിച്ചും ഓഫീസ് നിർമിക്കാനായി ചിലവഴിക്കുന്ന തുകയെക്കുറിച്ചും ചില മാധ്യമങ്ങളിൽ വന്ന വാർത്തകളും അഭിപ്രായങ്ങളും ശ്രദ്ധയിൽ പെട്ടു . അവാസ്തവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത് .

ആദ്യമായി , ഓഫീസ് സജ്ജീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ചിലവഴിക്കുന്നു എന്നും ഈ തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ ജനങ്ങൾ നൽകിയ തുകയുടെ ദുർവിനിയോഗമാണെന്നും ഉള്ള പ്രചരണം . എന്താണ് വസ്തുത? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF ) യിൽ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചിലവഴിക്കുന്നില്ല. ഇതിനായുള്ള തുക ഏത് head of account ഇൽ നിന്നും ചെലവഴിക്കണം എന്ന് സർക്കാർ ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നതും കൃത്യ കണക്കുകൾ സൂക്ഷിക്കുന്നതും ധനകാര്യ വകുപ്പാണ് . ഇതിൽനിന്നും 1,918 കോടി രൂപ വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് ക്ക്നൽകികഴിഞ്ഞു. ബാക്കി തുക എത്രയെന്ന് ധനകാര്യവകുപ്പിന്റെ CMDRF പേജിൽ നിന്നും ലഭ്യമാണ്.

രണ്ടാമത്, RKI ഓഫീസിൽ സ്ഥാപിക്കുന്നത് ‘വിവാദ’ കെട്ടിടത്തിൽ ആണ് പോലും. എന്താണ് വസ്തുത? സെക്രെട്ടറിയേറ്റിനു സമീപമുള്ള Calsar Heather കെട്ടിടത്തിൽ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി. പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം, കൈവശാവകാശം തുടങ്ങിയവ സംബന്ധിച്ച രേഖകൾ പരിശോധിക്കുകയും പ്രസ്തുത കെട്ടിടത്തിലെ ഒന്നാംനിലയുടെ ഉടമസ്ഥൻ തിരുവനന്തപുരം മുട്ടട സ്വദേശിയായ ശ്രീ കെ.വി.മാത്യു എന്ന വ്യക്തിക്കാണെന്ന് ബോധ്യപ്പെടുകയും ചെയ്തു . ശ്രീ മാത്യുവുമായി വാടകനിരക്ക്, അനുബന്ധ ചാർജ്ജുകൾ എന്നിവയിന്മേൽ ധാരണയിൽ എത്തി agreement വയ്ക്കുകയും ചെയ്തു. ഈ സ്ഥലം സ്വകാര്യ ഭൂമിയാണ്. സർക്കാരിന്റെ പാട്ടഭൂമിയാണ് പ്രസ്തുതവസ്തു. എന്നത് നുണപ്രചാരണമായി മാത്രമേ കാണാനാകൂ.

അവസാനമായി, RKI ഓഫീസിനായി 88 ലക്ഷം രൂപ ചിലവഴിക്കുന്നു എന്ന ആരോപണം. RKI പ്രവർത്തനം ആരംഭിച്ചിട്ട് 8 മാസങ്ങളായി. ഇതിനിടയിൽ RKI കമ്മിറ്റിയുടെ നാൽപ്പതിൽ ഏറേ യോഗങ്ങൾ നടന്നു . ലോകബാങ്കിന്റെയും മറ്റു അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും അൻപതോളം വിദഗ്ദ്ധർ കേരളം സന്ദർശിക്കുകയും സെക്രട്ടറിമാർ, വകുപ്പധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവരുമായി നാനൂറോളം യോഗങ്ങളും ചർച്ചകളും നടത്തുകയും ചെയ്തു. ഇതിനെല്ലാം സ്ഥലസൗകര്യമൊരുക്കുവാൻ RKI എത്ര പണം ചിലവഴിച്ചു ? ഒരു ചിലവും ചെയ്യാതെ പരിമിതമായ സൗകര്യത്തിൽ ഈ ചർച്ചകളെല്ലാം വിജയകരമായി നടത്തിയതിന്റെ ഫലമായി ലോക ബാങ്ക് , ജർമൻ അന്താരാഷ്ട്ര ധനസഹായ സ്ഥാപനം (KFW ) എന്നിവയിൽ നിന്നും 3,150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. വായ്പ ലഭ്യമാക്കുന്ന സമയം മുതൽ വീണ്ടും നിരവധി വിദഗ്ധരുടെയും കോൺസൾറ്റൻറ്മാരുടെയും സേവനം RKIക്ക് അനിവാര്യമാണ്. ഏകദേശം മുപ്പതോളം പേർക്ക്പ്രവർത്തിക്കാനുള്ള സൗകര്യവും, യോഗങ്ങളും ചർച്ചകളും വീഡിയോകോൺഫറൻസ് എന്നിവയും നടത്താനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട് . പതിനായിരം കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കേണ്ട ഒരു സ്ഥാപനത്തിന് വേണ്ട സാങ്കേതിക പാരിസ്ഥിതിക സൗകര്യങ്ങൾ ഉൾപ്പെട്ട ഒരു ഓഫീസ് ആണ് സജ്ജീകരിക്കുന്നത് . ഇതിനായി ആവശ്യമാകുന്ന തുക സംസ്ഥാന സർക്കാർ കണ്ടെത്തും. അതിനായി ജനങ്ങൾ നൽകിയ CMDRF തുക ഉപയോഗിക്കില്ല.

കേരളത്തിന്റെ ഭാവി വികസനത്തിനായി പ്രവർത്തിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ്. RKI . ഈ ആരംഭ കാലത്തു തന്നെ നുണപ്രചരണത്തിലൂടെ ഈ സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യരുത്. ഒരു അഭ്യര്ഥനയാണ്.

എന്നാൽ കെവി മാത്യുവിന് ഈ കെട്ടിടത്തിൽ ഉടമസ്ഥാവകാശം നേടാനാവില്ലെന്നും ഇത് 1955 ലെ ട്രാവൻകൂ‍ര്‍-കൊച്ചിൻ ലിറ്റററി സയന്റിഫിക് ആന്റ് ചാരിറ്റബിൾ സൊസൈറ്റീസ് നിയമം പ്രകാരം നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആക്ട് പ്രകാരം തങ്ങളുടെ കൈവശമുള്ള ഭൂമിയും വസ്തുവകകളും, സൊസൈറ്റി എന്ത് ലക്ഷ്യത്തിന് വേണ്ടിയാണോ രൂപീകരിച്ചത്, ആ ലക്ഷ്യ സാക്ഷാത്കാരത്തിനായി മാത്രമേ ഉപയോഗിക്കാനാവു എന്നും ഷാജഹാൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഷാജഹാന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലോ അക്കാദമി നാരായൺ നായർ - ലക്ഷ്മി നായർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള, തിരുവനന്തപുരം സെക്രട്ടറിയേറ്റിനടുത്തുള്ള വിവാദ ഫ്ലാറ്റിലേക്ക്, ലക്ഷങ്ങൾ വാടകയും മോടിപിടിപ്പിക്കുന്നതിനുമായി നൽകി, പ്രളയ പുനരധിവാസത്തിനുള്ള ഓഫീസ് ആരംഭിക്കുന്നതിനെതിരെ വലിയ വിമർശനവും പ്രതിഷേധവുമാണ് ഉയർന്നത്.

ഇതിനെ തുടർന്ന് സർക്കാരിനെ പ്രതിരോധിക്കുന്നതിനായുള്ള ചില ദുർബ്ബല ശ്രമങ്ങൾ, സർക്കാരിന്റെ അറിവോടെ സമൂഹമാധ്യമത്തിൽ നടക്കുന്നുണ്ട്. ആ ശ്രമം വിഷയത്തെ കൂടുതൽ സങ്കീർണ്ണവും ദുരൂഹവും ആക്കുകയാണ് ചെയ്യുന്നത്. വൻ അഴിമതി സാധ്യതയാണ് ഇതിലൂടെ ഉരുത്തിരിയുന്നത്.

സർക്കാർ വാടകക്കെടുത്തത് ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലല്ല. സർക്കാർ വാടകക്കെടുത്ത സ്ഥലത്തിന്റെ ഉടമ ഒരു മാത്യുവാണ് എന്നാണ് ഇവരുടെ വാദം.

ഓഫീസ് മാറുന്നത് ഒരു മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കാണ്, മറിച്ച് ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലേക്കല്ല എന്നാണ് വാദം.എന്നാൽ ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ വ്യക്തമായി പറയുന്നത്, സർക്കാർ സ്ഥലം വാടകക്കെടുക്കുന്നത് ലോ അക്കാദമി നാരായണൻ നായർ - ലക്ഷ്മി നായർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള "Calsar
Heather Tower" ലാണ് എന്നാണ്.

ലോ അക്കാദമി നാരായണൻ നായർ - ലക്ഷ്മി നായർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള, കൽസാർ ഹീതർ ടവ്വറിൽ, മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സർക്കാർ സ്ഥലം വാടകക്കെടുത്തിരിക്കുന്നത് എന്ന് ചുരുക്കം. അക്കാര്യം സൗകര്യപൂർവ്വം മറച്ച് വക്കപ്പെട്ടിരിക്കുന്നു.

ഇവിടെ ഒരു പ്രധാന പ്രശ്നമുണ്ട്.എങ്ങനെയാണ് മാത്യു എന്ന വ്യക്തി കൽസാർ ഹീതർ ടവ്വറിൽ സ്ഥലം ഉടമയായത് എന്നതാണ് അത്.1955ലെ Travancore-Cochin Literary Scientific and Charitable Societies Act പ്രകാരം രൂപീകൃതമായ കേരള ലോ അക്കാദമിക്ക്, ഈ ആക്ട് പ്രകാരം തങ്ങളുടെ കൈവശമുള്ള ഭൂമിയും വസ്തുവകകളും, സൊസൈറ്റി എന്ത് ലക്ഷ്യത്തിന് വേണ്ടിയാണോ രൂപീകരിച്ചത്, ആ ലക്ഷ്യ സാക്ഷാത്കാരത്തിനായി മാത്രമേ ഉപയോഗിക്കാനാവു. ലോ അക്കാദമി ആരംഭിച്ചത് നിയമ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കന്നതിനാണ് എന്നതിനാൽ, ഈ സൊസൈറ്റിയുടെ ഭൂമിയും വസ്തുവകകളും ആ ലക്ഷ്യത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാനാവൂ.ഈ സൊസൈറ്റിയുടെ ഒരു ആസ്തിയും വാണിജ്യാടിസ്ഥാനത്തിൽ വിൽക്കാനോ കൈമാറാനോ കഴിയില്ല എന്നർത്ഥം. അങ്ങനെ കൈമാറിയാൽ അത് മേല്പറഞ്ഞ ആക്റ്റിന്റെ ലംഘനമാകും.

ഇക്കാര്യം പറഞ്ഞ് 2014 ഓഗസ്റ്റ് 4 ന് ഞാൻ സർക്കാരിന് പരാതി നൽകിയിരുന്നു. എന്നാൽ എന്റെ പരാതി 2014 ഡിസംബറിൽ സർക്കാർ തള്ളിക്കളഞ്ഞു. തുടർന്ന് ഈ ഇടപാടിൽ അഴിമതിയുണ്ട് എന്ന് വ്യക്തമാക്കി, ഇതേ കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞാൻ 2017 ജനവരി 23 ന് വിജിലൻസിന് പരാതി നൽകിയിരുന്നു. 2018 ഫെബ്രുവരി 26 ന് വിജിലൻസ് എന്റെ മൊഴി വിശദമായി രേഖപ്പെടുത്തുകയുണ്ടായി.എന്നാൽ അതിന് ശേഷം ഒരു വർഷം കഴിഞ്ഞിട്ടും, എനിക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. സ്വാഭാവികമായും, ഈ ഇടപാടിൽ അഴിമതി ആരോപിച്ച് ഞാൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ് എന്ന് വേണം അനുമാനിക്കാൻ.

ഇതിനിടയിലാണ് മാത്യു എന്ന വ്യക്തി കൽ സാർ ഹീതർ ടവ്വറിൽ സ്ഥലം വാങ്ങിയതായി ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ഈ വില്പന അനധികൃതവും ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടിന് എതിരുമാണ്. ആക്ടിന് എതിരായി കൽസാർ ഹീതർ ടവ്വറിൽ ഒരു വ്യക്തി അനധികൃതമായി വാങ്ങിയ സ്ഥലത്ത് സർക്കാർ ഭൂമി വാടകക്കെടുത്തതിലൂടെ(അതും ഈ വിഷയത്തിൽ ഒരു വിജിലൻസ് അന്വേഷണം നിലനിൽക്കുമ്പോൾ ), സർക്കാരും അഴിമതിക്ക് കൂട്ടുനിന്നിരിക്കുകയാണ്.

കൽസാർ ഹീതർ sവ്വറിൽ താഴത്തെ നിലയുൾപ്പെടെ 9നിലകളുണ്ട്. ഒരു നിലയിൽ സർക്കാർ സ്ഥലം വാടകക്കെടുക്കുന്നതോടെ, ഇനി മറ്റ് നിലകളിലേക്കും സർക്കാർ ഓഫീസുകൾ വാടകക്കാരായി എത്തും എന്ന് ഉറപ്പാണ്.ലോ അക്കാദമി -ലക്ഷ്മി നായർ കുടുംബത്തിന് ഇനി ചാകരക്കാലമായിരിക്കും.

ഫലത്തിൽ, അനധികൃതമായി പ്രവർത്തിക്കുന്ന ഈ ഫ്ലാറ്റ് സമുച്ചയത്തിനെതിരെ നടപടിയെടുക്കേണ്ട സർക്കാർ, അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല, ഫ്ലാറ്റ് ഉടമയുടെ നിയമ വിരുദ്ധ പ്രവർത്തനം ന്യായമാക്കി(legitimise) നൽകുകയും, ആ ഉടമക്ക് കോടികളുടെ വരുമാനം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു!

ഈ ഇടപാട് നടത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആസൂത്രണ വകുപ്പാണ്!
ഈ ഇടപാടിന്റെ ഗുണം ലഭിക്കുന്നത് ലോ അക്കാദമി നാരായണൻ നായർ - ലക്ഷ്മി നായർ കുടുംബത്തിനാണ് !
നാരായണൻ നായരുടെ സഹോദരീ പുത്രൻ എൻ കെ ജയകുമാർ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാണ്!