കുടുംബത്തോടുള്ള അടങ്ങാത്ത പകയിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്. അച്ഛൻ പ്രോഫ. രാജാ തങ്കം, അമ്മ ഡോ. ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊന്നത്.

2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. എട്ടിന് രാത്രി മൃതദേഹങ്ങള്‍ക്ക് തീവച്ചപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേദൽ നാട്ടിൽ തിരികെ എത്തുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ കാളത്തോട് നാച്ചു വധക്കേസ് എല്ലാ പ്രതികൾക്കും ഇരട്ട ജീവപരന്ത്യവും 13 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു എന്നതാണ്. 2021 ഒക്ടോബർ 22-നാണ് സിഐടിയു യൂണിയൻ തൊഴിലാളിയായ നാച്ചു എന്ന ഷമീറിനെ (39 ) പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ വെട്ടുക്ക പറമ്പിൽ ഇസ്മയിൽ മകൻ ഷാജഹാൻ (50) വലിയകത്ത് ഷാജി മകൻ ഷബീർ (30) പരിക്കുന്നു വീട്ടിൽ അബ്ബാസ് മകൻ അമൽ സാലിഹ് (31) എന്നിവർ ചേർന്ന് പകൽ 3:30 മണിക്ക് കാളത്തോട് മുസ്ലിം പള്ളിയുടെ മുൻവശത്തുള്ള പാർപ്പിടം റോഡിൽ വച്ച് മാരകായുധങ്ങളായ കൊടുവാൾ, വടിവാൾ, ഇരുമ്പു വടി എന്നിവ ഉപയോഗിച്ച് ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊവിഡ് കാലഘട്ടത്തിൽ മീൻ കച്ചവടം തുടങ്ങിയ നാച്ചു കാളത്തോട് ഇന്ത്യൻ ബാങ്കിന്റെ സമീപത്ത് സുഹൃത്തിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ ആക്രമിച്ച് പാർപ്പിടം റോഡിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തൃശൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആയ ജഡ്ജ് ആയ ടി കെ മിനിമോൾ ആണ് ശിക്ഷ വിധിച്ചത്.