കണ്ണൂർ: പ്രതിഷേധങ്ങളോട് ഗവർണർ പ്രതികരിച്ച രീതിയോട് വിമർശനവുമായി വിഖ്യാത ചരിത്രകാരൻ ഇർഫാൻ ഹബീബ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ തല്ലിത്തകർക്കുകയും വിദ്യാഭ്യാസം തടയുകയും ചെയ്യുമ്പോൾ ചരിത്ര കോൺഗ്രസിലെ പ്രതിനിധികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഇർഫാൻ ഹബീബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'അവർ ലൈബ്രറി തല്ലിത്തകർക്കുന്നു, അവിടെ വിദ്യാർത്ഥികൾക്ക് പോകാൻ പറ്റാത്ത സാഹചര്യമാക്കുന്നു, അവിടത്തെ പഠനാന്തരീക്ഷം നശിപ്പിക്കുന്നു, പഠനം മുടങ്ങുന്നു, അധ്യാപനം മുടങ്ങുന്നു, ദേശീയ ചരിത്ര കോൺഗ്രസെന്ന ഞങ്ങളുടെ കൂട്ടായ്മയ്ക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ? തീർച്ചയായുമുണ്ട്. അതിലെന്താണ് തെറ്റ്? അത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലേ? കശ്മീരിൽ നിന്നുള്ള, അസമിൽ നിന്നുള്ള, ആക്രമിക്കപ്പെട്ട സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളും പ്രതിനിധികളുമുണ്ട് ഇവിടെ. ഞങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ? തീർച്ചയായുമുണ്ട്. ഞങ്ങളത് ചെയ്യുകയും ചെയ്യും', എന്ന് ഇർഫാൻ ഹബീബ്.

''പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച ശേഷം മൗലാന ആസാദിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നത്. അതിനിടയിൽ അദ്ദേഹം ഗാന്ധിജിയെക്കുറിച്ച് പറയാൻ തുടങ്ങി. അപ്പോഴാണ് ഞാൻ പറഞ്ഞത് നിങ്ങൾ ഗോഡ്സെയെക്കുറിച്ച് പറയുന്നതാണ് നല്ലതെന്ന്. കാരണം ബിജെപിയെ പിന്തുണയ്ക്കുന്നയാളാണ് ഗവർണർ. അവരുടെ എംപിയാണ് ഗോഡ്സെ ദേശഭക്തനാണെന്ന് പറഞ്ഞത്'' - ഇർഫാൻ ഹബീബ് പരിഹസിച്ചു.

ചരിത്ര കോൺഗ്രസിലെന്തിനാണ് രാഷ്ട്രീയമെന്ന് ചോദിച്ചവരോട് ഇർഫാൻ ഹബീബിന്‍റെ മറുപടി ഇങ്ങനെ: ''രാഷ്ട്രീയവും ചരിത്രവും നിങ്ങൾക്ക് ഇഴ പിരിക്കാനാകില്ല. നിങ്ങൾ ഇന്‍റർനെറ്റ് വിച്ഛേദിച്ചാലും വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടാലും കുട്ടികൾ പഠിച്ചുകൊണ്ടേയിരിക്കും. അത് കശ്മീരായാലും ജാമിയ മിലിയയായാലും ജെഎൻയു ആയാലും അലിഗഢ് ആയാലും''. 

അതേസമയം, പരിപാടിയിൽ പ്രതിഷേധിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അസമീസ് സ്വദേശിനിയായ ജെഎൻയുവിലെ ചരിത്ര വിദ്യാർത്ഥിനി മേഴ്‍സി പ്രതികരിക്കുന്നതിങ്ങനെ: ''ഞാൻ അസമിൽ നിന്നാണ്. എന്‍റെ കുടുംബാംഗങ്ങൾ പോലും അവിടെ സുരക്ഷിതരല്ല. എന്‍റെ സംസ്ഥാനം കത്തുകയാണ്. കശ്മീർ കഴിഞ്ഞ മൂന്ന് മാസമായി അ‌ടഞ്ഞു കിടക്കുകയാണ്. അവിടെ പ്രതിഷേധിച്ചവരും അല്ലാത്തവരും അടക്കം മരിച്ചുവീഴുകയാണ്. പതിനാറ് വയസ്സുള്ള കുട്ടികളടക്കമാണ് അവിടെ കൊല്ലപ്പെടുന്നത്. ഇത്തരം പ്രശ്നങ്ങൾ ഈ നാട്ടിലെ ജനങ്ങൾ മനസ്സിലാക്കിയേ തീരൂ. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നത്. വിദ്യാർത്ഥികളെന്ന നിലയിൽ, അസമിൽ നിന്നുള്ള ഒരു പൗരനെന്ന നിലയിൽ ഞാൻ വെറുതെയിരിക്കില്ല. തീർച്ചയായും സമരത്തിനും പ്രതിരോധത്തിനും ഇറങ്ങാനാണ് തീരുമാനം. കാരണം വേറൊന്നുമല്ല, ദുരിതമനുഭവിക്കുന്നവർ നിശ്ശബ്ദരാക്കപ്പെടുകയാണ്. ഇന്‍റർനെറ്റില്ല. അവിടെ നടക്കുന്ന വിവരങ്ങൾ പുറത്തറിയുന്നില്ല. ആളുകളെ അവിടെ പോയന്‍റ് ബ്ലാങ്കിൽ നിർത്തിയാണ് കൊല്ലുന്നത്. എന്നിട്ടും എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന് കരുതി കണ്ണടച്ചിരിക്കാൻ കഴിയില്ല'', എന്ന് മേഴ്‍സി. 

ഇർഫാൻ ഹബീബ് അടക്കമുള്ളവർ ഭരണഘടന ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ പ്രസംഗിച്ചതിനെത്തുടർന്നാണ് എഴുതിത്തയ്യാറാക്കിയ പ്രസംഗം ഉപേക്ഷിച്ച് സംസാരിച്ചതെന്ന് ഗവർണർ പറഞ്ഞിരുന്നു. ഭരണഘടന ആക്രമിക്കപ്പെടുന്നു എന്നത് തനിക്ക് അംഗീകരിക്കാനാകില്ല എന്നാണ് ഗവർണറുടെ നിലപാട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ച ഗവർണർ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ വിളിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ മുഴുവൻ വീഡിയോ ഹാജരാക്കാനും ഗവർണർ ആവശ്യപ്പെട്ടു.