സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ ഗവർണർക്കെതിരായി എസ് എഫ്‌ ഐ സ്ഥാപിച്ച ബാനർ ഉടനടി നീക്കണമെന്ന കർശന നിർദേശവുമായി വൈസ് ചാൻസിലർ. എസ് എഫ് ഐ ബാനർ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർക്ക് ഔദ്യോഗിക നിർദേശം നൽകി. സർവകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി കേരള സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ എസ് എഫ്‌ ഐ ബാനർ സ്ഥാപിച്ചത്.

ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല, ഇരയായതിൽ അഭിമാനമെന്നും സുധാകരൻ; ലോക്സഭയിലെ സസ്പെൻഷനിൽ പ്രതികരണം

അതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സുരക്ഷ ഒഴിവാക്കി കോഴിക്കോട്ടെ തെരുവില്‍ ഇറങ്ങിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഗവർണർ പ്രോട്ടോക്കോൾ ലംഘിച്ചെന്നാണ് മുഖ്യമന്ത്രി ചൂണ്ടികാട്ടിയത്. ഇതു പോലെ സ്ഥാനത്തിരിക്കുന്ന ആൾ ചെയ്യേണ്ട കാര്യമല്ലെന്നും പിണറായി പറഞ്ഞു. കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് ഗവർണർക്ക് മനസിലായിട്ടുണ്ടാകും. അലുവ കഴിച്ചത് നന്നായി. മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവർണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നൽകേണ്ടത്. എസ് എഫ് ഐ പ്രവർത്തകർ നാടിന്‍റെ ഭാവി വാഗ്ദാനങ്ങളാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം കേരളത്തിൽ ഭരണഘടനാ തകര്‍ച്ചയുണ്ടെന്ന് കേന്ദ്രത്തെ ധരിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഗവര്‍ണര് നടത്തുന്നതെന്നാണ് സി പി എം വിലയിരുത്തൽ. എസ് എഫ് ഐ പ്രതിഷേധത്തിനിടെ കാറിൽ നിന്നിറങ്ങിയത് മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബാനർ അഴിപ്പിച്ചതടക്കമുള്ള ഗവർണ്ണറുടെ അസാധാരണ നടപടികളുടെ ലക്ഷ്യം വേറെയാണെന്നാണ് സി പി എം വിലയിരുത്തുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് വരുത്തിയുള്ള കേന്ദ്ര ഇടപടലിനാണ് ഗവ‍ർണറുടെ നീക്കമെന്നും നടപ്പാക്കുന്നത് ആർ എസ് എസ് അജണ്ടയെന്നുമാണ് സി പി എം പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം