ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ 'സംഘപരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ തലവന്മാരുടെ ഈ നടപടി വലിയ വിവാദമായിട്ടുണ്ട്
തിരുവനന്തപുരം: ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ പ്രമുഖ സർവകലാശാലാ വൈസ് ചാൻസലർമാർ കൂട്ടത്തോടെ പങ്കെടുത്തത് വിവാദമാകുന്നു. 'സംഘപരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കേരളത്തിലെ 3 സർവകലാശാല വി സിമാർ പങ്കെടുത്തത്. കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ, എം ജി സർവകലാശാല വി സി ഡി മാവൂത്ത്, മലയാളം സർവകലാശാല വി സി സി ആർ പ്രസാദ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. കനത്ത സുരക്ഷയോടെയും മാധ്യമങ്ങൾക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടും നടത്തിയ ആർ എസ് എസ് പരിപാടിയിലാണ് ഈ വി സിമാർ പങ്കെടുത്തത് എന്നതാണ് ശ്രദ്ധേയം.
കാവിവത്കരണ വിമർശനം കനക്കും
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തലവന്മാർ രാഷ്ട്രീയ - വർഗീയ ചേരിതിരിവുകൾ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ ഔദ്യോഗിക പദവിയിലിരിക്കെ പങ്കെടുത്തതിനെതിരെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. വി സിമാർ സർവകലാശാലകളിൽ കാവിവൽക്കരണ അജണ്ടയാണ് പിൻതുടരുന്നതെന്ന് നേരത്തെ തന്നെ സി പി എമ്മും കോൺഗ്രസും വിവിധ വിദ്യാർതി സംഘടനകളും ആരോപിച്ചിട്ടുണ്ട്. ഈ ആരോപണം ശക്തമാക്കുന്നതാണ് കേരള, എം ജി, മലയാളം സർവകലാശാല വി സിമാർ ആർ എസ് എസ് മേധാവിയുടെ പരിപാടിയിൽ പങ്കെടുത്തത്.
