Asianet News MalayalamAsianet News Malayalam

അഭയകേന്ദ്രത്തിൽ മർദ്ദനമേറ്റയാൾക്ക് ചികിത്സ നൽകിയില്ല; പരാതി, മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ ഭരണകൂടം

പെരുമ്പാവൂരിൽ സ്വകാര്യ വ്യക്തി നടത്തുന്ന അഭയകേന്ദ്രത്തിൽ വെച്ച് അന്തേവാസിക്ക് മർദ്ദനമേറ്റിട്ടും ചികിത്സ നൽകിയില്ലെന്ന് പരാതി. 

victim was not treated at the shelter District Administration for Complaint and Magisterial Inquiry
Author
kerala, First Published Nov 24, 2020, 8:15 PM IST

എറണാകുളം: പെരുമ്പാവൂരിൽ സ്വകാര്യ വ്യക്തി നടത്തുന്ന അഭയകേന്ദ്രത്തിൽ വെച്ച് അന്തേവാസിക്ക് മർദ്ദനമേറ്റിട്ടും ചികിത്സ നൽകിയില്ലെന്ന് പരാതി. മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടും അന്വേഷണം വൈകുന്നതായി പള്ളുരുത്തി സ്വദേശി ഷാജിയുടെ കുടുംബം ആരോപിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ സംഭവത്തിൽ എറണാകുളം ജില്ല ഭരണകൂടം മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു.

കൊച്ചിയിൽ ഓട്ടോ ഡ്രൈവറായിരുന്നു ഷാജി. ഭിന്നശേഷിക്കാരനായ മകനെ പറ്റിയുള്ള ആധികൂടുമ്പോഴോ, അടുത്ത ബന്ധുക്കളാരെങ്കിലും മരണപ്പെട്ടാലോ, ഒന്നോ രണ്ടോ വർഷത്തിൽ ഇടക്ക് ഷാജിയുടെ മനസ്സിന്‍റെ താളം തെറ്റും. ഒരു മാസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറും. തിരികെ ജീവിതത്തിലേക്കും എത്തും. 2018ഡിസംബറിൽ ഇങ്ങനെ സംഭവിച്ചപ്പോഴാണ് പെരുമ്പാവൂരിലെ കേന്ദ്രത്തിലേക്ക് ഷാജി പോകുന്നത്. അടുത്ത മാർച്ചിൽ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇവർ സംഭവമറിയുന്നത്.

കൈയുടെ സ്വാധീനം  നഷ്ടപ്പെട്ട്, ജോലി ചെയ്യാൻ പറ്റാതായതോടെ കുടുംബവും പ്രതിസന്ധിയിലായി. ഭാര്യയും  മൂന്നു  മക്കളുമടങ്ങുന്ന കുടുംബം ഇപ്പോൾ വീട്ടുവാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ പരാതിയിൽ അടിസ്ഥാനമില്ലെന്നും അന്തേവാസികൾ തമ്മിലുണ്ടായ തർക്കത്തിലുമാണ് പരിക്ക് പറ്റിയതെന്നുമാണ് ബെത്‍ലെഹേം അഭയകേന്ദ്രത്തിന്‍റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന്  ഉത്തരവിട്ടു. മൂവാറ്റുപുഴ ആ‌ർഡിഒ നോട് അന്വേഷണം നടത്തി റിപ്പോ‍ർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios