Asianet News MalayalamAsianet News Malayalam

വിജയ്ബാബുവിൻറെ മുൻകൂർ ജാമ്യം സമൂഹത്തിന് മാതൃകയല്ല; പലതവണ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും നടിയുടെ അച്ഛൻ

 കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്നും നടിയുടെ അച്ഛൻ പറഞ്ഞു
 

victims father against the court decision to give anticipatory bail to vijay babu
Author
Kochi, First Published Jun 22, 2022, 12:20 PM IST

കോഴിക്കോട്: നടിയെ ബലാത്സംഗം ചെയ്ത കേസിൽ(actress rape case) കോടതി നടപടിക്കെതിരെ നടിയുടെ അച്ഛൻ രംഗത്ത്(father of the actress). വിജയ്ബാബുവിന് (vijay babu)മുൻകൂർ ജാമ്യം നൽകിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ല. നടൻ വിദേശത്ത് പോയത് കേസ് തേച്ച് മായ്ച്ച് കളയാനാണ്.  പല തവണ വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ട്. കോടതി നൽകിയ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്നും നടിയുടെ അച്ഛൻ പറഞ്ഞു.

വിജയ് ബാബുവിന്റെ ജാമ്യം: അപ്പീൽ പോകും, വിദേശത്ത് പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനിവില്ല: കമ്മീഷണർ

കൊച്ചി: വിജയ് ബാബുവിന്റെ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട്. വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കമ്മീഷണർ പറഞ്ഞു. വിജയ് ബാബു പൊലീസിനെ കബളിപ്പിച്ചു. കേസിൽ ഇരക്കൊപ്പമാണ് പൊലീസ് നിന്നത്. കേസിൽ അപ്പീൽ പോകുന്നത് പരിശോധിക്കുന്നു. വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നു. അന്വേഷണം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്ന് സി എച്ച് നാഗരാജു പറഞ്ഞു.

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഉഭയ കക്ഷി സമ്മത പ്രകാരമാണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ല. അത് വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതി. വിദേശത്ത്  നിന്ന് മുൻകൂര്‍ ജാമ്യ ഹർജി നൽകുന്നതിൽ പ്രശ്നം ഇല്ല. വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായാൽ മതി. കേരളം വിട്ട് പോകരുത് എന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കോടതി നിർദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു വിജയ് ബാബുവിന്‍റെ വാദം. നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെന്നും, പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് പരാതിയെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. 

എന്നാൽ വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം തനിക്ക് നേരിടേണ്ടി വന്നുവെന്നും നടിയും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള വാട്സാപ് ചാറ്റുകളും കോടതി പരിശോധിച്ചിരുന്നു. വിജയ് ബാബുവിനെ കസ്റ്റഡിയിൽ വേണമെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജി നേരത്തെ തീർപ്പാക്കിയിരുന്നു. കേസിന് പിറകെ ദുബൈയിലേക്ക് കടന്ന വിജയ് ബാബു കോടതി നിർദ്ദേശ പ്രകാരമാണ് തിരിച്ചെത്തി ചോദ്യം ചെയ്യലിന് ഹാജരായത്.

Follow Us:
Download App:
  • android
  • ios