സിബിൽ സ്കോർ കുറവായതിനാൽ ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടവരെ കൊച്ചിയിലെ തട്ടിപ്പ് സംഘം കെണിയിൽപ്പെടുത്തി. ഇവരുടെ രേഖകൾ ഉപയോഗിച്ച് കോടികളുടെ കോർപ്പറേറ്റ് വായ്പയെടുത്തതോടെ പല കുടുംബങ്ങളും ഇപ്പോൾ ജപ്തി ഭീഷണിയിലാണ്. തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് പരാതിപ്പെട്ടിട്ടും ബാങ്കുകൾ കൈമലർത്തുകയാണ്.
കൊച്ചി: സിബിൽ സ്കോർ പ്രശ്നങ്ങൾ മൂലം ബാങ്ക് വായ്പ കിട്ടാതെ തട്ടിപ്പ് സംഘത്തിൻ്റെ കെണിയിൽ വീണ പല കുടുംബങ്ങളും ജപ്തി ഭീഷണിയിൽ. തങ്ങൾ ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ടില്ലെന്നും ഒപ്പുകൾ വ്യാജമെന്നും തട്ടിപ്പിന് ഇരകളായവർ പരാതി ബോധിപ്പിക്കുന്നുണ്ടെങ്കിലും ബാങ്കുകൾ കൈമലർത്തുകയാണ്. ബാങ്കുകൾക്കെതിരെ കേസ് കൊടുക്കാനാണ് തട്ടിപ്പിലെ പ്രധാനിയായ ജെന്നി വർഗീസ് ഇരകൾക്ക് നൽകുന്ന ഉപദേശം.
വയനാട്ടിലെ കർഷകരായ തോമസുകുട്ടിയും റോയിയും ഇപ്പോൾ കൊച്ചിയിലെ ബാങ്ക് ഓഫീസുകളും വക്കീല്‍ ഓഫീസുകളും കയറിയിറങ്ങുകയാണ്. സിബിൽ സ്കോർ പ്രശ്നങ്ങൾ മൂലം ബാങ്ക് വായ്പ കിട്ടാതിരുന്ന പ്രതിസന്ധി ഘട്ടത്തിൽ വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കിടപ്പാടം ഉൾപ്പെടെയുള്ള വസ്തുവിന്‍റെ രേഖകൾ കൈകലാക്കിയ കൊച്ചി കേന്ദ്രമായുള്ള തട്ടിപ്പ് സംഘം തങ്ങളെയെല്ലാം ജാമ്യക്കാരാക്കി കോടികളുടെ കോർപ്പറേറ്റ് വായ്പ എടുത്ത കാര്യം അടുത്തകാലത്ത് മാത്രമാണ് അറിഞ്ഞതെന്ന് ഇവർ പറയുന്നു. എച്ച്ഡിഎഫ്സിയുടെ പനമ്പള്ളി നഗർ ശാഖയിൽ നിന്ന് ജെന്നി വർഗീസ് എടുത്ത 25 കോടിയോളം രൂപയുടെ വായ്പയിലെ ജാമ്യക്കാരാണ് ഇരുവരും. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നടപടികളിലേക്ക് കടക്കുകയാണ് ബാങ്ക്.
തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന യാഥാർത്ഥ്യം ബാങ്കിനെ ബോധ്യപ്പെടുത്താനാണ് റോയുടെയും തോമസുകുട്ടിയുടെയും ശ്രമം. ഇവർക്കൊപ്പം എച്ച്ഡിഎഫ്സി ബാങ്കിൻ്റെ പനമ്പള്ളി നഗർ ശാഖയിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ സംഘമെത്തി. താൻ നാട്ടിൽ പോലും ഇല്ലാതിരുന്ന സന്ദർഭത്തിൽ തന്‍റെ ഒപ്പ് വ്യാജമായി ഇട്ട് എങ്ങനെ ലോൺ തരപ്പെടുത്തി എന്നാണ് റോയുടെ ചോദ്യം. എന്നാൽ പ്രമാണങ്ങൾ എല്ലാം ബാങ്കിൽ എത്തിയിട്ടുണ്ടെന്നും ഒപ്പ് വ്യാജമെങ്കിൽ നിയമപരമായി നേരിടാനാണ് ബാങ്ക് ജീവനക്കാരുടെ മറുപടി.
ജെന്നി വർഗീസ് എടുത്ത വായ്പയുമായി ബന്ധപ്പെട്ട് ഈ ബാങ്കിലെ രേഖകളെല്ലാം കൃത്യമാണ് എന്നും എന്നാൽ മറ്റു ബാങ്കുകളിലെ സ്ഥിതി അതല്ലെന്നും എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാർ വെളിപ്പെടുത്തി. മാത്രമല്ല, ജാമ്യക്കാര്‍ ജെന്നി വർഗീസിൽ നിന്ന് കൈപ്പറ്റിയ തുകയും പലിശയും മാത്രം തിരിച്ചടച്ചാലും ജെന്നി മുഴുവന്‍ തുകയും അടയ്ക്കാതെ ബാധ്യത അവസാനിക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി. തങ്ങളെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ജെന്നി വർഗീസിനെ എറണാകുളം പഴം തോട്ടത്തെ വീട്ടിലെത്തി റോയും തോമസുകുട്ടിയും കണ്ടു. ബാങ്കുകൾക്കെതിരെ നിയമപരമായി നീങ്ങാനായിരുന്നു ജെന്നി വർഗീസിന്‍റെ ഉപദേശം. ഇതിനിടെ ജെന്നിയുടെ വാക്കുകൾ റെക്കോർഡ് ചെയ്യാൻ ശ്രമിച്ച തോമസ് കുട്ടിയെ ഭീഷണിപ്പെട്ടുത്തി. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ ബാങ്കുകളിൽ ആഭ്യന്തര പരിശോധന സജീവമാണെങ്കിലും വീഴ്ചകൾ ആരുടെയെല്ലാം ഭാഗത്തെന്നോ തുടർനടപടികൾ എന്താകുമെന്നോ ഒരു ബാങ്കും ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.



