കേസിൽ രണ്ട് ദിവസത്തേക്കാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കണം
പാലക്കാട്: മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ കേസിൽ കെ വിദ്യക്ക് പൊലീസ് കസ്റ്റഡിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ കാരണം നിർജ്ജലീകരണമെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിൽ ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കാത്തതിനാലാണ് വിദ്യക്ക് അവശത അനുഭവപ്പെട്ടതെന്നും ഡോക്ടർ വിശദീകരിച്ചു. ചോദ്യം ചെയ്യലിനിടെ അവശയായ വിദ്യയെ ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലേക്കാണ് മാറ്റിയത്. കോട്ടത്തറ ആശുപത്രി സൂപ്രണ്ട് വിദ്യയെ ചോദ്യം ചെയ്ത അഗളി ഡിവൈഎസ്‌പി ഓഫീസിലെത്തി വിദ്യയെ പരിശോധിച്ചിരുന്നു.
Read More: വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ പൊലീസ് അന്വേഷിച്ചോട്ടെ: എംവി ഗോവിന്ദൻ
കേസിൽ രണ്ട് ദിവസത്തേക്കാണ് വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കണം. വിദ്യയുടെ ജാമ്യ ഹർജിയും നാളെ തന്നെയാണ് പരിഗണിക്കുന്നത്. ഇതിനിടയിലാണ് വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പൊലീസ് വിവരം അറിയിച്ചാണ് ആശുപത്രിയിൽ നിന്ന് ഡോക്ടറടക്കമുള്ള സംഘം ഡിവൈഎസ്പി ഓഫീസിലെത്തിയത്. ചോദ്യം ചെയ്ത കെട്ടിടത്തിൽ നിന്ന് വിദ്യയെ നടത്തിച്ചാണ് പുറത്തേക്ക് എത്തിച്ചത്.
കേസിൽ സിപിഎമ്മും എസ്എഫ്ഐയും വിദ്യയെ തള്ളി പറഞ്ഞെങ്കിലും സിപിഎമ്മിന്റെ സജീവ പ്രവർത്തകർ പ്രതിക്ക് ഒളിത്താവളം ഒരുക്കിയെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കേസെടുക്കില്ലെന്ന് അഗളി പൊലീസ് വ്യക്തമാക്കി. വിദ്യയുടേത് ഗുരുതര കുറ്റമല്ലെന്നാണ് പൊലീസിന്റെ നിലപാട്. കൂട്ടുകാരിക്കൊപ്പമുള്ള സെൽഫി വഴിയാണ് വിദ്യയുടെ ഒളിയിടം പൊലീസ് കണ്ടെത്തിയത്. കൂട്ടുകാരിയുടെ ഫോണിൽ വിദ്യക്കൊപ്പമുള്ള സെൽഫി ഉണ്ടായിരുന്നു. സെൽഫി നാല് ദിവസം മുൻപ് എടുത്തതാണെന്ന് വ്യക്തമായതോടെ പൊലീസ് സുഹൃത്തിനെ ചോദ്യം ചെയ്യുകയായിരുന്നു.
Read More: വ്യാജ രേഖ കേസ്: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ വിദ്യ, കൃത്യമായ മറുപടി നൽകുന്നില്ലെന്ന് പൊലീസ്
താൻ ഒളിവിൽ പോയിട്ടില്ലെന്ന് വിശദീകരിക്കുന്ന വിദ്യ മനസ്സമാധാനത്തിന് വേണ്ടിയാണ് സ്വന്തം ഫോൺ സ്വിച്ച് ഓഫ് ചെയ്തതെന്നും വിശദീകരിക്കുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത ശേഷമുള്ള 15 ദിവസവും സുഹൃത്ത് എടുത്ത പുതിയ സിം കാർഡ് ഉപയോഗിച്ച് സുഹൃത്തിന്റെ ഫോൺ വഴി വിദ്യ വിവരങ്ങൾ അറിഞ്ഞിരുന്നു. ചോദ്യം ചെയ്യലിനോട് വിദ്യ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകാത്തതിനാൽ വ്യാജ സർട്ടിഫിക്കറ്റിനെ കുറിച്ചോ സീലിനെ കുറിച്ചോ ഇതുവരെ പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

