കൊച്ചി: പാലാരിവട്ടം പാലം  അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി ഗവർണറുടെ ഓഫീസിൽ നിന്ന് വൈകുന്ന സാഹചര്യത്തിൽ  പുതിയ നീക്കവുമായി വിജിലൻസ്. അന്വേഷണത്തിന്  അനുമതി തേടി വിജിലൻസ് നൽകിയ കത്തിന്‍റെ  തൽസ്ഥിതി അറിയിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. വിവരങ്ങൾ അറിയിക്കാൻ  ഹൈക്കോടതി കർശന നിർദ്ദേശം നൽകിയ പശ്ചാത്തലത്തിലാണ് വിജിലൻസ് നീക്കം.

പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ മുൻ  മന്ത്രിയുടെ പങ്ക് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു   ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിലിജൻസ് സര്‍ക്കാരിന്‍റെ അനുമതി തേടിയത്. ഇക്കഴിഞ്ഞ ഓക്ടോബർ 2 നായിരുന്നു സർക്കാരിനെ അന്വേഷണ സംഘം സമീപിച്ചത്.  വിജിലൻസിന്‍റെ കത്ത്  സർക്കാർ  ഗവർണറുടെ അനുമതിക്കായി കൈമാറി. ഗവർണർ എജിയോട് നിയമോപദേശം അടക്കം തേടിയെങ്കിലും   മാസങ്ങൾ പിന്നിട്ടിട്ടും തുടർന്നപടിയുണ്ടായില്ല. 

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസ് പരിഗണിക്കുന്നതിനിടെ അന്വേഷണ അനുമതിയുടെ കാര്യത്തിൽ എടുത്ത നടപടികൾ എന്തെന്ന് അറിയിക്കാൻ ഹൈക്കോടതി വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 18ന് ഹൈക്കോടതി കേസ് വീണ്ടും  പരിഹണിക്കുമ്പോൾ വിജിലൻസ് രേഖാമൂലം  മറുപടി നൽകേണ്ടിവരും. ഈ പശ്ചാത്തലത്തിലാണ് സർക്കാരിന് കത്ത് നൽകിയത്. അന്വഷണ അനുമതി തേടി നൽകിയ കത്തിന്‍റെ തൽസ്ഥിതി എന്തെന്ന് ഗവർണറുടെ ഓഫീസിൽ നിന്ന് തേടണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ ലഭിക്കുന്ന മറുപടി ഹൈക്കോടതി അറിയിക്കാനാണ് വിജിലൻസ് തീരുമാനം.