Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം കേസ്: ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്.  

Vigilance arrested ibrahim kunju
Author
Kochi, First Published Nov 18, 2020, 11:00 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയിൽ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്ലൈനായി കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന. 

അറസ്റ്റ് രേഖപ്പെടുത്തിയ സ്ഥിതിക്ക് ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നിരീക്ഷണത്തിൽ ചികിത്സയിൽ തുടരാം. പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചേക്കും. നേരത്തെയും പലവട്ടം വിജിലൻസും ഇഡിയും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അറസ്റ്റിലേക്ക് കടന്നിരുന്നില്ല. 

ഇന്ന് രാവിലെയാണ് തിരുവന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിൻ്റെ ആലുവയിലെ വീട്ടിലെത്തിയത്. അൽപസമയം ചോദ്യം ചെയ്ത ശേഷം ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കാനുമായിരുന്നു വിജിലൻസിൻ്റെ പദ്ധതി. 

എന്നാൽ രാവിലെ  ഇബ്രാഹിം കുഞ്ഞിൻ്റെ വീട്ടിലെത്തിയ വിജിലൻസ് സംഘത്തിന് അദ്ദേഹത്തിൻ്റെ ഭാര്യയെ മാത്രമാണ് അവിടെ കണ്ടെത്താനായത്. ഇബ്രാഹിംകുഞ്ഞ് എവിടെയെന്ന് ആരാഞ്ഞ വിജിലൻസ് സംഘത്തോട് അദ്ദേഹം അസുഖബാധിതനായി കൊച്ചിയിലെ ലേക്ക് ഷേർ ആശുപത്രിയിലാണെന്നായിരുന്നു ഭാര്യയുടെ മറുപടി. 

ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാനായി വൻ പൊലീസ് സന്നാഹത്തോടെയാണ് വിജിലൻസ് സംഘം മുൻമന്ത്രിയുടെ വീട്ടിലെത്തിയത്. എന്നാൽ ഇന്നലെ ഉച്ചവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്ന ഇബ്രാഹിംകുഞ്ഞ് ഇതിനിടയിൽ ആശുപത്രിയിൽ അഡ്മിറ്റായ വിവരം മാത്രം വിജിലൻസ് അറിഞ്ഞിരുന്നില്ല. 

ഇന്നലെ രാത്രിയോടെയാണ് ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നാണ് വിവരം. അദ്ദേഹത്തെ അൽപസമയത്തിനകം ഐസിയുവിലേക്ക് മാറ്റും എന്നും വിവരമുണ്ട്. കളമശ്ശേരിയിലെ വീട്ടിൽ നിന്നും ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയ വിജിലൻസ് സംഘം ജൂനിയർ ഡോക്ടർമാരുമായി സംസാരിച്ചു. 

ഇബ്രാഹിംകുഞ്ഞിൻ്റെ ആരോഗ്യനില സംബന്ധിച്ച വിശദവിവരങ്ങൾ അവർ തേടി. ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ ഒരുവർഷമായി പരിശോധിച്ചു വരുന്ന ഡോക്ടർ ഈ സമയം ആശുപത്രിയിൽ എത്തിയിരുന്നില്ല.അതേസമയം അറസ്റ്റ് ചെയ്തു കൊണ്ടു പോകാവുന്ന ഒരു ആരോഗ്യനിലയിലല്ല ഇബ്രാഹിംകുഞ്ഞ് എന്നാണ് ഡോക്ടർമാരുടെ സംഘം വിജിലൻസിനെ അറിയിച്ചത് എന്നാണ് സൂചന. 

അറസ്റ്റ് തടയാൻ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് വിജിലൻസ് തിടുക്കപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത് എന്നാണ് സൂചന. പാലാരിവട്ടം കേസിൽ കേസിൽ നടപടികൾ വേഗത്തിലാക്കാനുള്ള നിർദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കിയേക്കും എന്നാണ് വിവരം. 

പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് അധികൃതരിൽ നിന്നും ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങൾ തേടി. കഴിഞ്ഞ ഒരു വർഷത്തോളാമായി പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. മുൻപൊതുമാരമത്ത് സെക്രട്ടറി ടി.ഒ.സൂരജ് അടക്കമുള്ളവർ ഇതിനോടകം ഈ കേസിൽ അറസ്റ്റിലായി ജയിലായെങ്കിലും മുൻമന്ത്രിയെ മാത്രം ഇതുവരെ വിജിലൻസ് തൊട്ടിരുന്നില്ല. എന്നാൽ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ആശുപത്രിയിൽ എത്തിയും  ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള സമ്മർദ്ദം വിജിലൻസിന് മേലുണ്ടായി എന്നത് ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ തീരുമാനം തന്നെ ഉണ്ടായെന്നതിന് സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios