തിരുവനന്തപുരം: 2017 ൽ അഴീക്കോട് സ്കൂളിൽ ഹയര്‍ സെക്കന്ററി അനുവദിക്കാൻ 25 ലക്ഷം വാങ്ങിയെന്ന പരാതിയിലെ വിജിലൻസ് കേസ് പകപോക്കലാണെന്ന് പ്രതികരിച്ച് കെഎം ഷാജി. കേസിനെ കുറിച്ച് ഒന്നും അറിയില്ല. പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടിയതിനാൽ ഇതിൽ പലതും പ്രതീക്ഷിച്ചിരുന്നതാണെന്നും കെഎം ഷാജി പ്രതികരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് വിളിച്ചപ്പോഴാണ് കേസിനെ കുറിച്ച് അറിഞ്ഞതെന്നാണ് കെഎം ഷാജി പ്രതികരിച്ചത്.  വിജിലൻസ് കേസും ഇന്നോവാ കാറും എല്ലാം പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലീംലീഗിന്റെ പ്രാദേശിക ഘടകത്തിനോ മുസ്ലീംലീഗിനോ ഒരു പരാതിയും ഇല്ലെന്നും കെഎം ഷാജി പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയ കേസ് ആണ് .

ബാങ്ക് ഡീറ്റേൽസ് അടക്കമുള്ള രേഖകളെല്ലാം നാല് വര്‍ഷം മുമ്പ് തന്നെ വിശദമായി പരിശോധിച്ചിരുന്നു. കോടികൾ മുടക്കി ഉണ്ടാക്കിയെടുത്ത ഇമേജ് ഒറ്റ ദിവസം കൊണ്ട് തകര്ന്നതിന്‍റെ പ്രശ്നമാണ് പിണറായി വിജയന് ഉള്ളത്. അത് തകരേണ്ട ഇമേജായിരുന്നു എന്നും ഒരാളല്ലെങ്കിൽ മറ്റൊരാൾ അത് തകര്‍ക്കാനുണ്ടാകുമെന്നും കെഎം ഷാജി പ്രതികരിച്ചു.

2017 ൽ അഴീക്കോട് സ്കൂളിൽ ഹയര്‍ സെക്കന്‍ററി അനുവദിക്കാൻ 25 ലക്ഷം വാങ്ങിയെന്ന പരാതിയിലാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. സര്‍ക്കാരിനെതിരെ ഷാജി ഉന്നയിക്കുന്ന ആരോപണങ്ങളും വിവാദങ്ങളും എല്ലാം വാര്‍ത്തയിൽ നിറഞ്ഞ് നിൽക്കെയാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്.