തിരുവനന്തപുരം: ലൈഫ് പദ്ധതി ക്രമക്കേടില്‍ വിജിലൻസ് സംഘം ഫയലുകൾ ശേഖരിച്ചത് ചട്ടം ലംഘിച്ചെന്ന് നിയമ വിദഗ്‍ധര്‍. നടപടി വിജിലൻസ് മാന്വലിന് എതിരാണ്. പ്രാഥമിക അന്വേഷണ സമയത്ത് പകര്‍പ്പുകള്‍ മാത്രമേ ശേഖരിക്കാനാകൂവെന്ന് മുൻ അഡീഷണൽ ഡയറക്ടർ പ്രോസിക്യൂഷൻ ജി ശശീന്ദ്രൻ പറഞ്ഞു. 

അതേസമയം ലൈഫ് മിഷന്‍ കേസില്‍ ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ സിബിഐ ഉടന്‍  ചോദ്യം ചെയ്യും. സർക്കാർ പദ്ധതിയായതിനാൽ അതിലെ ഉദ്യേഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് സിബിഐക്ക് ലഭിച്ച നിയമോപദേശം . ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഭൂമി വിട്ടുകൊടുത്തതല്ലാതെ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ഇടപാടിലും ബന്ധമില്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് സിബിഐയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണ്. ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണ്, അതിനാൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ട്. സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദവും നിലനിൽക്കില്ല.  യൂണിടാകും കോൺസുലേറ്റും തമ്മിലാണ് പണം ഇടപാടിലെ കരാർ എങ്കിലും ഇതിലെ രണ്ടാം കക്ഷി സർക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്‍റെ പ്രയോജനം സർക്കാരിനാണ്.  ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തിലേക്ക് അടുത്തയാഴ്ച അന്വേഷണം കടക്കും.