കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് വീണ്ടും സംരക്ഷണ കവചവുമായി സർക്കാർ. അനധികൃത സ്വത്ത് സമ്പാദന കേസിലെ വിജിലൻസ് ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കം ചെയ്യാൻ ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അജിത് കുമാറും അപ്പീൽ നൽകും. വിജിലൻസ് കോടതി ഉത്തരവ് വിജിലൻസ് മാനുവലിന് വിരുദ്ധമെന്നാണ് സർക്കാറിനുള്ള നിയമോപദേശം. എം. ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവ് തള്ളികൊണ്ടുള്ള തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിലാണ് മുഖ്യമന്ത്രിക്കെതിരെയും ഗുരുതര വിമർശനമുള്ളത്.
ക്ലീൻ ചിറ്റ് മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയെന്നാണ് സര്‍ക്കാര്‍ കുറിപ്പ്. അന്വേഷണത്തിൽ എങ്ങനെ എക്സിക്യൂട്ടീവിന് ഇടപെടാൻ കഴിയുമെന്നാണ് കോടതിയുടെ ചോദ്യം. ഇത് വിജിലൻസ് മാന്യുവലിന് വിരുദ്ധമെന്നാണ് നിയമവൃത്തങ്ങള്‍ വിജിലൻസിന് നൽകിയ നിയമോപദേശം. സർക്കാർ അന്വേഷണത്തിന് ഉത്തരവിറക്കിയാൽ വിജിലൻസ് മാന്യുവൽ പ്രകാരം ഡയറക്ടർ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ഡയറക്ടർ പരിശോധിച്ച് അന്തിമ തീരുമാനത്തിനായി സർക്കാരിന് കൈമാറും.
ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയാണ് റിപ്പോർട്ട് തള്ളണോ- സ്വീകരിക്കണമോയെന്ന് അന്തിമ തീരുമാനം എടുക്കേണ്ടത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നാണ് വിശദീകരണം. കാലങ്ങളായുള്ള ഫയൽ നീക്കം ഇങ്ങനെയിരിക്കെ സർക്കാരിന് എന്തുകാര്യമെന്ന കോടതി പരാമർശം തിരുത്താൻ മേൽകോടതിയെ സമീപിക്കണമെന്നാണ് സർക്കാരിനും വിജിലൻസ് ഡയറക്ടര്‍ക്കും കിട്ടിയ നിയമോപദേശം.
തിരുവനന്തപുരം വിജിലൻസ് കോടതി നേരിട്ടാണ് അന്വേഷണം നടത്തുന്നത്. ആ സാഹചര്യത്തിൽ പരാതിക്കാരൻ പ്രോസിക്യൂഷൻ അനുമതി വാങ്ങേണ്ടതില്ലെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. എന്നാൽ, ഹൈക്കോടതിയുടെ സമീപകാലത്തെ രണ്ട് വിധികളിൽ മുൻകൂർ അനുമതിവേണമെന്ന വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നാണ് വിജിലൻസ് വാദം. ഈ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിൽ കോടതി പ്രോസിക്യൂഷൻ അനുമതിയില്ലാതെ നേരിട്ട് അന്വേഷണം നടത്താനെടുത്ത തീരുമാനവും അപ്പീലിന്‍റെ ഭാഗമായി ഹൈക്കോടതിയിൽ ചൂണ്ടികാട്ടേണ്ടതാണെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. കോടതി പരാമർശത്തിന്‍റെ പേരിൽ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കുമ്പോഴാണ് സർക്കാർ അപ്പീലിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രിക്കെതിരായ പരാമർശം നീക്കാനുള്ള ഹർജി വഴി അജിത് കുമാറിന് കൂടിയാണ് സഹായം കിട്ടുന്നത്. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അജിത് കുമാറും അപ്പീൽ നൽകാൻ നീക്കം നടത്തുന്നുണ്ട്.



