തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വിവാദമായതിന് പിന്നാലെ റെയ്ഡിന് വഴി തുറന്ന വിജിലൻസിൻ്റെ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വിജിലൻസ് റെയ്ഡിനെതിരെ ധനമന്ത്രിയും സിപിഎമ്മും സിപിഐയും രംഗത്തു വന്നതിന് പിന്നാലെയാണ് കെഎസ്എഫ്ഇയിൽ നടക്കുന്ന ഗുരുതരക്രമക്കേടുകളിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. 

അഞ്ച് ഗുരുതര ആരോപണങ്ങളാണ് വിജിലൻസ് ഡയറക്ടർക്ക് കിട്ടിയ രഹസ്യാന്വേഷണ റിപ്പോർട്ടിൽ കെഎസ്എഫ്ഇക്കെതിരെ ഉന്നയിക്കപ്പെട്ടത്. പൊള്ളച്ചിട്ടിയുമായി ബന്ധപ്പെട്ടാണ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പ്രധാനമായും ആരോപണം ഉള്ളത്. വലിയ തുക കൊടുത്തു ചേരേണ്ട വലിയ ചിട്ടികളിൽ ആവശ്യത്തിന് ആളെ കിട്ടാതെ വരുമ്പോൾ കള്ളപ്പേരിലും ബിനാമി പേരിലും ആളുകളെ ചേർക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്. വൻതുക മാസം നൽകേണ്ട ചിട്ടികൾ ചിലർ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതുവഴി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്. 

ഒരു ചിട്ടിയിൽ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണം എന്നാണ് ചട്ടമെങ്കിലും പല മാനേജർമാരും ഈ തുക എവിടെയുംഅടയ്ക്കാതെ കൈവശം വയ്ക്കുകയോ വകമാറ്റി ചിലവഴിക്കുകയോ ചെയ്യുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്. മറ്റൊന്ന് ഒരു ചിറ്റാളൻ ചെക്ക് നൽകിയാൽ ആ ചെക്ക് മാറി തുക അക്കൌണ്ടിൽ വന്നാൽ മാത്രമേ അയാളെ ചിട്ടിയിൽ ചേർക്കാവൂ എന്നാണ് ചട്ടം. എന്നാൽ ചെക്ക് കിട്ടിയാലുടൻ ചിറ്റാളനെ ചിട്ടിയിൽ ചേർക്കുന്ന ഏർപ്പാടാണ് കെഎസ്ഇബിയിൽ ഉള്ളതെന്നും രഹസ്യാന്വേഷ റിപ്പോർട്ടിലുണ്ട്. 

രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറഞ്ഞ അതേകാര്യങ്ങൾ തന്നെയാണ് വിജിലൻസ് നടത്തിയ റെയ്ഡിലും കണ്ടെത്തിയത് എന്നതാണ് ശ്രദ്ധേയം. കെഎസ്എഫ്ഇയുടെ നാൽപ്പത് ശാഖകളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത് അതിൽ 36 ഇടത്തും പലതരം ക്രമക്കേടുകൾ കണ്ടെത്തി. സംസ്ഥാന വിജിലൻസിൻ്റെ  രഹസ്യാന്വേഷണ വിഭാഗം നൽകിയ  റിപ്പോർട്ട് പരിശോധിച്ച വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറാണ് ഓപ്പറേഷൻ ബച്ചത് എന്ന പേരിൽ സംസ്ഥാന വ്യാപക റെയ്ഡിന് പദ്ധതി തയ്യാറാക്കിയത്. 

റെയഡ് നടപ്പാക്കാൻ അദ്ദേഹം എസ്.പിമാർക്ക് നിർദേശം നൽകുകയും ചെയ്തു. പിന്നീട് സുദേഷ് കുമാർ അവധിയിൽ പോയെങ്കിലും അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം എസ്.പിമാർ റെയ്ഡുമായി മുന്നോട്ട് പോകുകയായിരുന്നു. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ സംസ്ഥാനത്ത് വട്ടമിട്ട് പറക്കുമ്പോൾ ആണ് സംസ്ഥാന സർക്കാരിന് കീഴിലെ ഏറ്റവും പ്രധാനമായ സാമ്പത്തിക സ്ഥാപനത്തിൽ നടക്കുന്ന ക്രമക്കേടുകൾ പുറത്തു വന്നിരിക്കുന്നത്. 

റെയ്ഡും വിജിലൻസ് നടപടികളും അസ്ഥാനത്തും അസമയത്തുമായി പോയെന്നാണ് ധനമന്ത്രി തോമസ് ഐസകിനും സിപിഎം നേതൃത്വത്തിനുമുള്ള അഭിപ്രായം. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിക്കുന്നു. എന്നാൽ വ്യക്തമായ രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും. രഹസ്യവിവരത്തെ സാധൂകരിക്കുന്ന കാര്യങ്ങൾ കണ്ടെത്താനായിട്ടുണ്ടെന്നും വിജിലൻസ് വ്യക്തമാകുന്നു. 

കെഎസ്എഫ്ഇ മിന്നൽ പരിശോധനാ റിപ്പോർട്ട് സർക്കാറിന് വിജിലൻസ് ഉടൻ കൈമാറില്ലെന്നാണ് സൂചന. വിജിലൻസ് ഡയറക്ടർ അവധി കഴിഞ്ഞ് ഏഴിന് മടങ്ങിയെത്തിയ ശേഷമായിരിക്കും റിപ്പോർട്ട് നൽകുക. അതേസമയം ധനമന്ത്രി അടക്കമുള്ളവരുടെ വിമർശനത്തിലും, കണ്ടെത്തിയ ക്രമക്കേട് മറികടക്കാൻ ധനവകുപ്പ് അന്വേഷണം നടത്തുന്നതിലും വിജിലൻസിൽ അതൃപ്തിയുണ്ട്.

കെ.എസ്.എഫ്.ഇ.യിലെ ഓപ്പറേഷൻ ബച്ചത്തില്‍ കണ്ടെത്തിയ ക്രമക്കേടുകൾ വിവാദമായതിലാണ് വിജിലൻസിൽ അതൃപ്തി. അഴിമതിക്കെതിരെ എല്ലാമാസവും നടത്തുന്ന മിന്നൽ പരിശോധനയുടെ ഭാഗം മാത്രമെന്നാണ് കെ.എസ്.എഫ്.ഇയിലെ പരിശോധനയെന്നാണ് വിജിലൻസ് നിലപാട്.

ഈ വർഷം വിജിലൻസ് നടത്തിയ ആറാമത്തെ മിന്നൽ പരിശോധനയാണ് ഓപ്പറേഷൻ ബച്ചത്. സർക്കാർ ഓഫീസുകളിലെ അഴിമതികൾക്ക് തടയിടാൻ മാസത്തിൽ രണ്ടു മിന്നൽ പരിശോധനകളാണ് വിജിലൻസ് ലക്ഷ്യമിട്ടിരുന്നത്. കോവിഡായതിനാൽ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ഒന്നും നടന്നില്ല. അതിനുശേഷം ബെവ്ക്കോയിലും സപ്ലൈക്കോിലും ക്വാറികളും റെയ്ഡ് നടന്നു. ഇതിനു പിന്നാലെയാണ് കെ.എസ്.എഫ്.ഇയിൽ പരിശോധന നടന്നത്. 

കഴിഞ്ഞ 19ന് വിജിലൻസ് ഡയറക്ടർ അവധിയിൽ പോകുന്നതിന് മുമ്പാണ് ഓപ്പറേഷൻ ബച്ചത്തിന് അനുമതി നൽകിയത്. ഒരു മാസമായി വിജിലൻസ് ഇൻറലിജൻസ് ശേഖരിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു 40 ശഖകളിലെ പരിശോധന. പക്ഷെ   പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാഷ്ട്രീയ ആരോപണങ്ങളും ഉയർന്നത്. 

കള്ളപ്പണം വെളുപ്പിക്കാൻ ചിട്ടി മറയാക്കുന്നു, ചട്ടങ്ങള്‍ ലംഘിച്ച് പൊള്ള ചിട്ടി ജീവനക്കാരുടെ ഒത്താശയോടെ നടക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് കണ്ടെത്തിയത്. പക്ഷെ മുഖ്യമന്ത്രിയെയും വിജിലൻസിനെയും പ്രതികൂട്ടിലാക്കി ധനമന്ത്രിയും സിപിഎം നേതാക്കളും രംഗത്തെത്തിയോടെ നടപടി രാഷ്ട്രീയ വിവാദമായി വളർന്നു.  വിജിലൻസ് പരുങ്ങലിലായി. ഇതോടെ ഇനിയുള്ള നീക്കം സൂക്ഷിച്ചുമതിയെന്നാണ് തീരുമാനം.  

കള്ളപ്പണം വെളുപ്പിക്കലടക്കമമുള്ള കണ്ടെത്തലുകൾ ഡയറക്ടർ സർക്കാരിന് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമോയെന്നതാണ് ഇനി അറിയേണ്ടത്. ഓരോ റെയ്ഡിനു ശേഷം വാർത്താക്കുറിപ്പ് പുറത്തിറക്കാറുള്ള വിജിലൻസ് ഓപ്പറേഷന ബച്ചത്തിലെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കിയില്ല. ഔദ്യോഗകമായി വാ‍ത്താക്കുറിപ്പിറക്കാതെ വിവരം ചോർന്നതെങ്കനെയെന്ന അന്വേഷിക്കണമെന്ന് ആവശ്യപ്പെടാനാണ് ധനമന്ത്രിയുടെ നീക്കം. ഇതോടെ വിജിലൻസിൽ കടുത്ത അതൃപ്തിയാണ് പുകയുന്നത്.