ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിൽ വരുന്ന റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, അസ്സിസ്റ്റന്റ് ഡയറക്ടർ, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായാണ് വിജിലൻസിൻ്റെ സംസ്ഥാനതല മിന്നൽ പരിശോധന. രാവിലെ പത്തര മുതൽ "ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്" എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസി. ഡയറക്ടർ ഓഫീസുകളിലും ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപകരുടെ സർവീസ് സംബന്ധമായ വിവിധ വിഷയങ്ങളിൽ വലിയ തോതിലുള്ള ക്രമക്കേടുകളും അഴിമതികളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക നിയമനം, നിയമനം ക്രമവത്ക്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണ പ്രകാരമുള്ള തസ്തികകളിലെ നിയമനങ്ങളും അവയുടെ ക്രമവത്കരണം എന്നീ വിഷയങ്ങളില്‍ ഉദ്യോഗസ്ഥർ ഫയലുകളിൽ നടപടി സ്വീകരിക്കുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും കൈക്കൂലിയായി പണം കൈപ്പറ്റാറുണ്ടെന്നും, ഇതിനായി ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും തന്നെ വിരമിച്ച ഉദ്യാഗസ്ഥരെ സർവീസ് കൺസൾട്ടന്റുകൾ എന്ന രീതിയിൽ സമീപിക്കാൻ ഉദ്യോഗാർഥികളെ ചില ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നും ഈ വിരമിച്ച ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്ന് വലിയ അദ്ധ്യാപകരിൽ നിന്നും കൈക്കൂലിയായി വാങ്ങിയെടുത്ത് വിദ്യാഭ്യാസ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് വീതം വച്ച് നൽകുന്നതുമായാണ് വിജിലൻസിന് ലഭിച്ച വിവരം.
കൂടാതെ എയ്‌ഡഡ് മേഖലയിലെ സർവീസ് ആനൂകൂല്യം അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാവശ്യ കാലതാമസം വരുത്തുന്നതായും, അദ്ധ്യാപക/അനദ്ധ്യാപക കരുടെ ഭൂരിഭാഗം അപേക്ഷകളും ചില ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കാറുള്ളതായും, ആനുകൂല്യങ്ങൾക്ക് ആനുപാതികമായ കൈക്കൂലി ലഭിച്ചാൽ മാത്രമേ പ്രസ്തുത അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാറുള്ളുവെന്നും വിവരം ലഭിച്ചിരുന്നു.
