തിരുവനന്തപുരം: ലൈഫ് കരാർ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് വാങ്ങി നൽകിയ ഐ ഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും. പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ വിജിലൻസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റ് ഫോണുകൾ കൂടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിജിലൻസ് നടത്തുന്നത്. 

ആകെ ഏഴ് ഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിനൽകിയത്. ആറെണ്ണം കൊച്ചിയിൽ നിന്നും  ഒരെണ്ണം തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ നിന്നുമാണ് വാങ്ങിയത്. തിരുവനന്തപുരത്ത് നിന്ന് കോൺസുൽ ജനറലിന് വാങ്ങി നൽകിയ ഫോണിന്റെ വിവരങ്ങൾ ലഭിക്കാൻ ഫോൺ വാങ്ങിയ സ്ഥാപനത്തിന് വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റ് ഫോണുകളിൽ ഒരെണ്ണം സന്തോഷ് ഈപ്പനും മറ്റൊന്ന് ശിവശങ്കറുമാണ് ഉപയോഗിക്കുന്നത്. ഫോണുകളിൽ ഏറ്റവും വിലകൂടിയ ഫോണാണ്  ലൈഫ് മിഷൻ മേൽനോട്ട ചുമതലയുണ്ടായിരുന്ന എം ശിവശങ്കറിന് ലഭിച്ചത്. ഇത് നിലവിൽ കസ്റ്റംസിന്റെ കൈവശമാണുള്ളത്.

പരസ്യ കമ്പനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് മറ്റ് ഫോണുകൾ ഉപയോഗിക്കുന്നത്. ഇതിൽ പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ വിജിലൻസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മറ്റ് ഫോണുകൾ കൂടി പിടിച്ചെടുക്കാനുള്ള നീക്കമാണ് വിജിലൻസ് നടത്തുന്നത്.