തൃശ്ശൂർ: ലൈഫ് മിഷൻ അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം എഫ്.ഐ.ആർ സമർപ്പിച്ചു. ഫ്ലാറ്റ് ഇടപാടിലെ അഴിമതിയെപ്പറ്റി റിപ്പോർട്ടിൽ പരാമർശമില്ല. യൂണിടാക്കിന് വടക്കാഞ്ചേരി നഗരസഭ വൈദ്യുതി കിട്ടാൻ സഹായം ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. 

വടക്കാഞ്ചേരി നഗരസഭ ഉദ്യോഗസ്ഥർ യൂണിടാക്കിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനായി വഴി വിട്ട സഹായം ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു. നഗരസഭയുടെ ഫണ്ടിൽ നിന്നും 2,79,413 രൂപ ചിലവാക്കിയാണ് യൂണിടാക്കിന് വൈദ്യുതി എത്തിച്ചത്.  

യൂണിടാക് കമ്പനി, സെൻ്റ് വെഞ്ചേഴ്സ്, അഴിമതിക്ക് ഒത്താശ ചെയ്ത ഇനിയും കണ്ടെത്താനുള്ള ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്.  യൂണിടാക് നൽകിയ കമ്മീഷനെ കുറിച്ചോ കൈകൂലിയെ കുറിച്ചോ എഫ്ഐആറിൽ പരാമർശമില്ല. സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും കരാർ കമ്പനിയും നേട്ടമുണ്ടാക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് വിജിലൻസിൻ്റെ എഫ്ഐആറിൽ പറയുന്നത്.