Asianet News MalayalamAsianet News Malayalam

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി; മുൻ ജില്ലാ ഓഫിസറുടെ വീട്ടില്‍ റെയ്ഡ്, രേഖകള്‍ പിടിച്ചെടുത്തു

കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മോന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

Vigilance probe into more officials on  bribery case in Pollution Control Board
Author
Kollam, First Published Dec 16, 2021, 10:48 PM IST

കൊല്ലം: മലിനീകരണ നിയന്ത്രണ ബോർഡിലെ (Pollution Control Board) കൈക്കൂലി കേസിൽ വിജിലൻസ് (Vigilance)  അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക്. ബോർഡിന്‍റെ കോട്ടയം മുൻ ജില്ലാ ഓഫിസറും സീനിയർ എൻവയോൺമെന്‍റല്‍ എഞ്ചിനീയറുമായ ജോസ്മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകൾ കണ്ടെത്തി. കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.

കൊല്ലം എഴുകോൺ ചീരങ്കാവിലെ വീട്ടിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ജോസ് മോന്‍റെ വീട്ടിലെ റെയ്ഡ്. ബോർഡിന്‍റെ തിരുവനന്തപുരം ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥനാണ് ജോസ് മോൻ. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്‍റെ ഉടമയിൽ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു.

കോട്ടയത്തെ വ്യവസായിയിൽ നിന്ന്  25000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഹാരിസ് വിജിലൻസ് പിടിയിലായത്. തുടർന്ന് വിജിലൻസ് സംഘം ഹാരിസിന്‍റെ ആലുവയിലെ ആഡംബര ഫ്ളാറ്റിൽ നടത്തിയ റെയ്ഡില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ഓരോ കവറിലും അൻപതിനായിരത്തോളം രൂപയുണ്ടായിരുന്നു. ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിന്‍റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു. ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ഇത് ആദ്യമെന്നായിരുന്നു വിജിലൻസ് സംഘം പറഞ്ഞത്. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. 

രണ്ട് ബാങ്കുകളിലായി 18 ലക്ഷം രൂപയുടെ നിക്ഷേപം, ജർമ്മനി, റഷ്യ, ദുബായ്, പട്ടായ അടക്കമുള്ള പത്തോളം വിദേശ സന്ദർശിച്ച രേഖകൾ, ഒരു ലക്ഷം രൂപയുടെ ഹോം തിയേറ്റർ, രണ്ടുലക്ഷം രൂപയുടെ ടിവി ഇവയെല്ലാം ഫ്ലാറ്റിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിരുന്നു. ആലുവയിലെ  ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കും. അവിവാഹിതനായ ഹാരിസിന് തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റിന്റെ വീടും ഉണ്ട്. സ്വദേശമായ പന്തളത്തും 33 സെന്‍റ് വസ്തുവും വീടും ഉണ്ട് . അഴിമതി നിരോധന നിയമ പ്രകാരമാണ് ഹാരിസിന് എതിരെ കേസെടുത്തത്. ഫ്ലാറ്റിലെ റെയ്ഡിന്റെ പശ്ചാത്തലത്തിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും കേസെടുക്കും. ആറുമാസം മുമ്പാണ് ഹാരിസ് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസറായി കോട്ടയത്ത് എത്തിയത്. ഇതിനിടയിൽ തന്നെ  വ്യാപകമായി കൈക്കൂലി ആരോപണമുയർന്നിരുന്നു. 

 
 

Follow Us:
Download App:
  • android
  • ios