കൊച്ചി: പാലാരിവട്ടം മേൽപ്പാലം  അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ചോദ്യംചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും എന്ന് വിജിലൻസ്  ഡിവൈഎസ്പി ശ്യാം കുമാർ പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യണമോ എന്ന് കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും. ഇബ്രാഹിംകുഞ്ഞ് ചികിൽസയിലുളള കൊച്ചി മരടിലെ ലേക് ഷോർ ആശപത്രിയിൽ വെച്ചാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. 

വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് ഡിവൈഎസ്പി വി. ശ്യാംകുമാറിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്. കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായാണ് ഉദ്യോഗസ്ഥ സംഘം രാവിലെ അശുപത്രിയിൽ എത്തിയത്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാം പ്രതിയായ ഇബ്രാംഹികുഞ്ഞിനെ 18 ന് അറസ്റ്റ് ചെയ്തെങ്കിലും ചികിൽസയിലായതിനാൽ ചോദ്യം ചെയ്യാൻ വിജിലൻസിന് കഴിഞ്ഞിരുന്നില്ല.