Asianet News MalayalamAsianet News Malayalam

Vigilance Raid : കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍

കെട്ടിട നികുതി, പെർമിറ്റ്, കടകളിലെ പരിശോധന എന്നിവയിൽ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.

Vigilance raid at corporation offices in kerala
Author
Thiruvananthapuram, First Published Jan 7, 2022, 1:28 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസ് (Vigilance) നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. കെട്ടിട നിർമ്മാണത്തിന് നൽകുന്ന അപേക്ഷകള്‍ രജിസ്റ്ററിൽ പോലും രേഖപ്പെടുത്താതെ ഉദ്യോഗസ്ഥർ താൽപര്യമനുസരിച്ചാണ് അനുമതി നൽകുന്നതെന്ന് വിജിലൻസ് കണ്ടെത്തി. വിവിധ റവന്യൂ വരുമാനം പോലും ട്രഷറികളിൽ അടയ്ക്കാതെ ഉദ്യോഗസ്ഥർ കൈവശം വയ്ക്കുന്നുവെന്നും വിജിലൻസ് പറയുന്നു.

കോർപ്പറേഷൻ ഓഫീസുകളിലും സോണൽ ഓഫീസുകളിലും വ്യാപക ക്രമക്കേട് നടക്കുന്നവെന്ന വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ നിർമ്മാണ്‍ എന്ന പേരിൽ പരിശോധന നടന്നത്. കെട്ടിട നിർമ്മാണ പെർമിറ്റ് നൽകുന്നതിലും നികുതിയളവുകള്‍ നൽകുന്നതിലും ക്രമക്കേട് നടക്കുന്നുവെന്നായിരുന്നു രഹസ്യവിവരം. ഹോട്ടലുകള്‍ മറ്റ് കടകള്‍ എന്നിവയ്ക്ക് ലൈസൻസ് നൽകുന്നതിലും ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ അഴിമതി നടത്തുവെന്നും വിവരമുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്നതുമായിരുന്നു മിന്നൽ പരിശോധനയിലെ കണ്ടെത്തലുകള്‍. സർക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കുന്ന തരത്തിലാണ് കോ‍ർപ്പറേഷൻ ഉദ്യോഗസ്ഥരുടെ പ്രവർത്തനമെന്ന്  കണ്ടെത്തി.

കെട്ടിനിർമ്മാണത്തിനായി ഓണ്‍ ലൈൻ വഴിയും നേരിട്ടും ലഭിക്കുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പല അപേക്ഷകളും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഏജൻറുമാര്‍ വഴി വരുന്ന അപേക്ഷകള്‍ക്ക് മാത്രം തീരുമാനമെടുക്കാനാണ് ഇതെന്ന് വിജിലൻസ് പറയുന്നു. വിവിധ പ്രോജക്റ്റുകളുടെ പേരിൽ വാഹനങ്ങള്‍ വാടക്കെടുത്ത് അനധികൃതമായി ഓടുന്നുണ്ട്. ഒരു പരസ്യ ബോ‍ർഡിന് അനുമതി നൽകിയിട്ട് നിരവധി ബോർഡുകള്‍ കോർപ്പറേഷൻ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുണ്ട്. അദാലത്ത് വിവരം പോലും അപേക്ഷനെ അറിയിക്കാതെ തീരുമാനിക്കുന്നുണ്ടെന്നും കണ്ടെത്തു. കോർപ്പറേഷൻ അനുമതി നൽകിയിട്ടുള്ള കെട്ടിടങ്ങളിൽ  അഗ്നിസുരക്ഷ സംവിധനങ്ങളില്ല, പാർക്കിംഗ് സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തി. വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായിട്ടായിരുന്നു പരിശോധന.

Follow Us:
Download App:
  • android
  • ios