തിരുവനന്തപുരം: അനധികൃത സ്വത്ത് കേസിൽ മുൻമന്ത്രി വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിൽ പതിനാല് മണിക്കൂറോളം നേരം  വിജിലൻസ് റെയ്ഡ്. കൂട്ട് പ്രതികളുടെയും വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തി.  ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് വിജിലൻസ് സംഘം പരിശോധിച്ചത്.  

വി എസ് ശിവകുമാറിനറെ ശാസ്തമംഗലത്തെ വീട്ടിൽ രാവിലെ എട്ടരമണിക്കാണ് റെയ്ഡ് തുടങ്ങിയത്. ആരോഗ്യം, ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ ശിവകുമാർ വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയിൽ ഉള്ള ഡ്രൈവർ ഷൈജു ഹരൻ, എൻഎസ് ഹരികുമാർ, എംഎസ് രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം പരിശോധന നടത്തി. ശിവകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്റ് വീട്, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. പിടിച്ചെടുക്കുന്ന രേഖകൾ വിശദമായ പരിശോധിക്കും.

ശിവകുമാറിന്റെയും മറ്റ് പ്രതികളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും ഭൂമി ഇടപാടുകളുടെയും വിവരങ്ങൾ കഴിഞ്ഞ ദിവസം മുതൽ ശേഖരിച്ച് തുടങ്ങിയിരുന്നു. തെളിവ് ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനായി ശിവകുമാറിന് വിജിലൻസ് നോട്ടീസ് നൽകും. വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി.വി.എസ്.അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം ശിവകുമാറിനെതിരെ ഈ ഘട്ടത്തിൽ അന്വേഷണം പ്രഖാപിച്ചതിൽ ഒത്തുകളിയുണ്ടോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു