കോഴിക്കോട്, മലപ്പുറം, അമൃതസർ, ഹരിയാന എന്നിവങ്ങളിലാണ് വിജിലൻസിന്‍റെ റെയ്ഡ് നടക്കുന്നത്
കോഴിക്കോട്: കരിപ്പൂർ സ്വർണ കടത്ത് കേസിൽ സി ഐ എസ് എഫ് - കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സർക്കാർ ഉദ്യോഗസഥരുടെ വീടുകളിൽ ഇങ്ങനെയൊരു വിജിലൻസ് റെയ്ഡ് ഇതാദ്യമായാണ് നടക്കുന്നത്. കോഴിക്കോട്, മലപ്പുറം, അമൃതസർ, ഹരിയാന എന്നിവങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്വർണ കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തൽ. 2023 ൽ മലപ്പുറം പൊലിസ് രജിസ്റ്റർ ചെയ്ത കേസാണ് വിജിലൻസിന് കൈമാറുകയായിരുന്നു.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡിനൊപ്പം തന്നെ ഇടനിലക്കാരുടെ വീടുകളിലും വിജിലൻസ് റെയ്ഡ് നടത്തുകയാണ്. മലപ്പുറം വിജിലൻസ് ഡി വൈ എസ് പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സി ഐ എസ് എഫ് അസിസ്റ്റന്‍റ് കമാൻഡന്‍റ് നവീൻ കുമാർ, കസ്റ്റംസ് ഇൻസ്പെക്ടർ സന്ദീപ് എന്നിവർ മുഖ്യപ്രതികളായ കേസിലാണ് വിജിലൻസ് ഇപ്പോൾ റെയ്ഡ് നടത്തുന്നത്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്. തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.
തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് ഹാരിസ് (29 വയസ്), നൗഷാദ് (35 വയസ്), മുഹമ്മദ് ഫാഹിസ് (29 വയസ്) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി എം മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. തവനൂർ സ്വദേശി മുബഷിർ (22 വയസ്), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ സി ഐ ബി യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
