തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോ​ഗ്യ പരിശോധനയ്ക്ക് മെഡിക്കൽ ബോർഡ് വേണമെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ഇബ്രാഹിംകുഞ്ഞിനെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മൂവാറ്റുപുഴ കോടതിയിലാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്.

ഇബ്രാഹിംകുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ‌ നേരത്തെയും ചികിത്സ നടത്തിയിട്ടുണ്ട്. അതിനാൽ സ്വകാര്യ ആശുപത്രിയുടെ പരിശോധനാ റിപ്പോർട്ട് നിഷ്പക്ഷമാകില്ല. മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകണമെന്നും വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞ്  ക്രമ വിരുദ്ധ ഇടപെടലുകൾ നടത്തിയതായാണ് വിജിലൻസിന്‍റെ റിമാൻഡ് റിപ്പോർട്ട്. നിർമ്മാണ കരാർ, ആർഡിഎസ് കമ്പനിയ്ക്ക് നൽകാൻ  മന്ത്രി ഗൂഢാലോചന നടത്തിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിജിലൻസിന്‍റെ റിമാൻഡ് റിപ്പോ‍ർട്ടിലുള്ളത്. അതേസമയം, കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന  വി കെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില ഇന്നലത്തെ പോലെ തന്നെ തുടരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.