കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി നാളെ വീണ്ടും പരിഗണിക്കും. ടെണ്ടർ സംബന്ധിച്ച  രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. കേസിൽ രാഷ്ട്രീയക്കാർ ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ഇവരെ പ്രതികൾക്ക് അറിയാമെങ്കിലും ആരൊക്കെയാണെന്ന് പറയാൻ തയ്യാറാകുന്നില്ല. അതിനാൽ പ്രതികളെ ജയിലിൽ വച്ചായാലും കൂടുതൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു. 

അഴിമതിയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കിയ വിജിലന്‍സ് പ്രതികള്‍ക്ക് ജാമ്യംനല്‍കുന്നത് കേസിനെ മോശമായി ബാധിക്കുമെന്ന് അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ രേഖകള്‍ നശിപ്പിക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ പ്രതികൾ നിരപരാധികളാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഇനിയും സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ വാദം.