ശിവകുമാറിനെ കൂടാതെ സുഹൃത്തുകളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ മൂന്നു പേർ കൂടി പ്രതിപട്ടികയിലുണ്ട്. 

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ എസ്.പി വിഎസ് അജിയാണ് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. 2011 മുതല്‍ 2016 വരെ യുഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്ന വിഎസ് ശിവകുമാര്‍ ഇക്കാലയളവില്‍ പേഴ്സണല്‍ സ്റ്റാഫിന്‍റേയും സുഹൃത്തുകളേയും ബിനാമികളാക്കി ശിവകുമാര്‍ സ്വത്തുകള്‍ സമ്പാദിച്ചെന്ന് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ വിജിലന്‍സ് പറയുന്നു. 

ശിവകുമാറിനെ കൂടാതെ സുഹൃത്തുകളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ മൂന്നു പേർ കൂടി പ്രതിപട്ടികയിലുണ്ട്. വിഎസ് ശിവകുമാറിനെ കൂടാതെ എം.രാജേന്ദ്രൻ, ഷൈജു ഹരൻ, എന്‍എസ് ഹരികുമാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. വിഎസ് ശിവകുമാര്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ ഡ‍്രൈവറായിരുന്ന ആളാണ് ഷൈജു ഹരന്‍. 18.5.2011-നും 20.5 2016-നും ഇടയിൽ പേഴ്സൺ സ്റ്റാഫിന്‍റേയും സുഹൃത്തുക്കളുടെയും പേരിൽ വിഎസ് ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. 

അതേസമയം ഏതു തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായും അന്വേഷണത്തോട് സഹകരിക്കുമെന്നും വിഎസ് ശിവകുമാര്‍ വ്യക്തമാക്കി. എഫ്ഐആര്‍ ഇട്ട വിജിലന്‍സ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും വിജിലന്‍സ് ആഘോഷിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. 

എംഎല്‍എയ്ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് അഭ്യന്തരസെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെയാണ് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. വിഎസ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുകള്‍ വാങ്ങികൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവകുമാറിനെതിരെ ഉയര്‍ന്നിരുന്നത്. 

2016-ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായ സമയം മുതല്‍ ശിവകുമാറിനെതിരെ വിജിലന്‍സിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇന്‍റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു. 

ശിവകുമാര്‍ ബിനാമി പേരില്‍ സ്വത്തുകള്‍ സമ്പാദിച്ചെന്നാണ് പ്രാഥമികാന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. സുഹൃത്തുക്കള്‍, പേഴ്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരിലെല്ലാം ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. വിജിലന്‍സിന് ലഭിച്ച പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട ഏഴ് പേരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചെന്നും ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇവരുടെയെല്ലാം സ്വത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് നടത്തിയ ഈ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതും അഭ്യന്തര സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതും. .