കൊച്ചി: ചൂർണിക്കര വ്യാജ രേഖ കേസിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഇടനിലക്കാരൻ കാലടി സ്വദേശി അബൂട്ടി, ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥൻ അരുൺകുമാർ എന്നിവരെ പ്രതിയാക്കിയാണ് നടപടി.

ചൂർണിക്കരയിലെ ഭൂമി തരം മാറ്റാൻ വ്യാജരേഖ ചമച്ച കേസിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നു. കൈക്കൂലി, വ്യാജരേഖ ചമക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇടനിലക്കാരൻ അബൂട്ടിക്കും അരുൺകുമാറിനുമെതിരെ വിജിലൻസ് എറണാകുളം യൂണിറ്റ് കേസെടുത്തത്. 

സംഭവത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമായ സാഹചര്യത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് എസ് പി കെ. കാർത്തിക്  പ്രാഥമികഅന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം അടുത്ത ദിവസങ്ങളിൽ തുടരും.  

ഒന്നാം പ്രതി അബൂട്ടി ഫോർട്ടുകൊച്ചി ആർഡിഒയുടെ പേരിൽ വ്യാജരേഖ ചമച്ചതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒപ്പം കൂടുതൽ പേർക്ക് ഇത്തരത്തിൽ വ്യാജരേഖ തയ്യാറാക്കി കൊടുത്തിട്ടുണ്ടോയെന്നും പരിശോധിക്കും.  ഇതിനായി ഇപ്പോൾ റിമാൻഡിലുള്ള അബൂട്ടിയെയും അരുണിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. എറണാകുളം ജില്ലയിലെ മറ്റു വില്ലേജുകളിൽ എവിടെയെങ്കിലും ഇത്തരത്തിൽ വ്യാജ രേഖയുടെ മറവിൽ ഭൂമി തരംമാറ്റിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ കളക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.