തിരുവനന്തപുരം: മുന്‍ യുഡിഎഫ് സര്‍ക്കാരിലെ ആരോഗ്യം-ദേവസ്വം മന്ത്രിയും നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ എംഎല്‍എയുമായ വിഎസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി. എംഎല്‍എയ്ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അഭ്യന്തരസെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

വിഎസ് ശിവകുമാറിനെതിരെ നേരത്തെ മുതല്‍ അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ പേരില്‍ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് ആശുപത്രി വാങ്ങിയതും അനധികൃതമായി വിദേശയാത്രകള്‍ നടത്തിയതും ബിനാമി പേരില്‍ സ്വത്തുകള്‍ വാങ്ങികൂട്ടിയതുമടക്കമുള്ള ആരോപണങ്ങളാണ് ശിവുകുമാറിനെതിരെ ഉയര്‍ന്നിരുന്നത്. 

2016-ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായ സമയം മുതല്‍ ശിവകുമാറിനെതിരെ വിജിലന്‍സിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം എന്നാണ് ഇന്‍റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്.

ശിവകുമാര്‍ ബിനാമി പേരില്‍ സ്വത്തുകള്‍ സമ്പാദിച്ചെന്നാണ് പ്രാഥമികാന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. സുഹൃത്തുക്കള്‍, പേഴ്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കുടുംബാംഗങ്ങള്‍ എന്നിവരുടെ പേരിലെല്ലാം ശിവകുമാര്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. പരാതികളില്‍ പരാമര്‍ശിക്കപ്പെട്ട ഏഴ് പേരുടെ സ്വത്ത് വിവരങ്ങള്‍ വിജിലന്‍സ് പരിശോധിച്ചെന്നും ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇവരുടെയെല്ലാം സ്വത്തില്‍ ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 

വിജിലന്‍സ് നടത്തിയ ഈ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതും അഭ്യന്തര സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയതും. .

നേരത്തെ എംപിയും തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ച ശിവകുമാറിനെതിരായ അന്വേഷണം കോണ്‍ഗ്രസിന് കാര്യമായി തലവേദനയാവും സൃഷ്ടിടിക്കുക. പാലാരിവാട്ടം പാലം അഴിമതി കേസില്‍മുന്‍ പൊതുമരാമത്ത് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ ഇബ്രാഹിം കുഞ്ഞ് ഇപ്പോള്‍ തന്നെ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യുഡ‍ിഎഫിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് വിഎസ് ശിവകുമാറും സമാനസ്വഭാവമുള്ള വിജിലന്‍സ് കേസില്‍പ്പെടുന്നത്.