മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറക്കും.
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് ഉത്തരവ് ഉടൻ പുറത്തിറക്കും. പ്രാഥമിക അന്വേഷണമാണ് നടക്കുക. ജിഎസ്ടിയായി 26 കോടി രൂപ പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് വിജിലൻസ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ കേസെടുത്തതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്. മെസിയെ കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിലാണ് ഫെമ കേസെടുത്തിരിക്കുന്നത്.
അർജൻ്റീന ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിൽ എത്തിക്കാൻ സ്പോൺസറായ ആർബിസി നടത്തിയ വിദേശ വിനിമയ ഇടപാടിന് ജിഎസ്ടി ഈടാക്കാത്തതിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുക. കാഞ്ഞങ്ങാട്ടെ ഇൻ്റലിജൻസ് ഓഫീസറാണ് ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നീട് വന്ന ഇൻ്റലിജൻസ് ഉദ്യോഗസ്ഥ പല തവണ നോട്ടീസ് അയച്ചെങ്കിലും സ്പോൺസർ പ്രതികരിച്ചില്ല. വിഷയത്തിൽ കർശന നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കാഞ്ഞങ്ങാട് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ ചാർജ് മെമ്മോ നൽകിയിരുന്നു.
ആർബിസിക്കെതിരെ കേസ്
അർജൻ്റീന ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിൽ എത്തിക്കാനായി സ്പോൺസറായ ആർബിസി അമേരിക്കൻ കമ്പനി മുഖേന പണം കൈമാറിയെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. വിദേശത്തേക്ക് നടന്ന പണമിടപാടിൽ ഫെമ ചട്ടലംഘനം ഉണ്ടായെന്നാണ് ഇഡിയുടെ വിലയിരുത്തൽ. പണം അയച്ചതിൻ്റെ രേഖകൾ, സ്പോൺസർ അവകാശപ്പെടുന്ന എഗ്രിമെൻ്റ് വിവരങ്ങൾ എന്നിവയൊക്കെ ഇഡി ശേഖരിച്ചു. സർക്കാർ നൽകിയ ക്ലിയറൻസ് രേഖകളും ഇഡി ശേഖരിക്കും.

