എന്‍റെ ഏറ്റവും പ്രിയപ്പെട്ട താരം ജയസൂര്യയാണെന്ന് വിഘ്നേശ് പറഞ്ഞപ്പോൾ 'നീ ഇത്ര ബുദ്ധിയുള്ളവാനാണെന്ന് ഞാനിപ്പോഴാണ് അറിഞ്ഞതെന്ന്' ജയസൂര്യയുടെ നർമം കലർന്ന ചിരി. കൂടി നിന്നവരുടെ പൊട്ടിച്ചിരിയ്ക്കിടയിൽ വിഘ്നേശിനെ സ്നേഹപൂർവ്വം ചേർത്ത് പിടിച്ച് ജയസൂര്യ

കോഴിക്കോട്: ഓർമയുണ്ടോ വിഘ്നേശിനെ.. 'ഒരു ചെറു പുഞ്ചിരി'യിൽ മാഷ് ടീച്ചറിന്‍റെ തലമുടി ചീകിക്കൊടുക്കുന്നത് ഒളിഞ്ഞ് നിന്ന് നോക്കിച്ചിരിക്കുന്ന വികൃതിപ്പയ്യനായ കണ്ണനെ. രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ ബാലതാരമായി തിളങ്ങിയ കുട്ടിയെ..

നമുക്കെന്തായാലും ഓർമ കാണും. പക്ഷേ വിഘ്നേശിന് ഓർമകൾ തിരിച്ചുകിട്ടുന്നത് ഇപ്പോഴാണ്. 2016 ഡിസംബറില്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് തലക്ക് ക്ഷതമേറ്റ് മാസങ്ങളോളം ഓര്‍മ്മയില്ലാത്ത അവസ്ഥയിലായിരുന്ന വിഘ്നേശിന് ഓർമ്മ തിരിച്ച് കിട്ടുമ്പോൾ ആഘോഷത്തിൽ പങ്കു ചേരാൻ ഇഷ്ടതാരം ജയസൂര്യയുമുണ്ട്. 

ഹരികുമാര്‍ സംവിധാനം ചെയ്ത പുലര്‍വെട്ടത്തിലെ ബാലു തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുണ്ട് വിഘ്നേശിന്‍റേതായി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം വരെ സിനിമയിലും സീരിയലിലുമെല്ലാം സജീവമായിരുന്നു.

അപകടത്തെത്തുടർന്ന് ഓർമ നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഓര്‍മ്മകള്‍ വീണ്ടെടുത്ത് ജീവിതം തിരികെ പിടിക്കുകയാണ് വിഘ്നേശ്. തന്‍റെ സിനിമകളെല്ലാം ആദ്യഷോ കാണുന്ന ആരാധകനെ കാണാനാണ് ജയസൂര്യ എത്തിയത്. കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കാൻ. 

എന്‍റെ ഏറ്റവും പ്രിയപ്പെട്ട താരം ജയസൂര്യയാണെന്ന് വിഘ്നേശ് പറഞ്ഞപ്പോൾ 'നീ ഇത്ര ബുദ്ധിയുള്ളവാനാണെന്ന് ഞാനിപ്പോഴാണ് അറിഞ്ഞതെന്ന്' ജയസൂര്യയുടെ നർമം കലർന്ന ചിരി. കൂടി നിന്നവരുടെ പൊട്ടിച്ചിരിയ്ക്കിടയിൽ വിഘ്നേശിനെ സ്നേഹപൂർവ്വം ചേർത്ത് പിടിച്ച് ജയസൂര്യ.

അപകടത്തിന് ശേഷം വിഘ്നേശിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും നൃത്ത പരിശീലനം വീണ്ടും തുടങ്ങാനുള്ള ജയസൂര്യയുടെ നിര്‍ദേശം മാനിച്ച് അതിനുള്ള ശ്രമത്തിലാണ് വിഘ്നേശ്. സിനിമയിലേക്ക് തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലും. എല്ലാറ്റിനും ഒപ്പമുണ്ടെന്ന് ഇഷ്ടതാരം നൽകിയ ഉറപ്പിന്‍റെ സന്തോഷത്തിലാണ് വിഘ്നേശിപ്പോൾ.

"